പുതുക്കാട്: പാലിയേക്കര ടോളിൽ കരാർ കമ്പനിയെ പുറത്താക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ
നടപടിക്കെതിരെ ആർബിട്രേഷൻ ട്രിബ്യൂണലിൽ നടക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന്റെ നീക്കം ദുരൂഹമെന്ന് ആക്ഷേപം. സംസ്ഥാന സർക്കാരിനെ കേസിൽ സ്വമേധയാ കക്ഷി ചേർത്തതിനെതിരെ ഹൈക്കോടതിയെ സംസ്ഥാനം സമീപിച്ചതാണ് ആക്ഷേപത്തിന് കാരണം.
നിരന്തരം ക്രമക്കേടും ലംഘനവും നടത്തിയതിനെതിരെ വർഷങ്ങളായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയപാതാ അതോററ്റി നടപടി സ്വീകരിച്ചത്. ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേർന്ന് കമ്പനിയെ പുറത്താക്കാനുള്ള നീക്കം നടത്തണമെന്ന് പ്രദേശവാസികളും മറ്റും ഉയർത്തുന്ന ആവശ്യം. ഫെബ്രുവരി ഒമ്പതിന് പാലിയേക്കര ടോളിൽ കരാർ കമ്പനി 12 വർഷം പൂർത്തീകരിക്കും.
വിവരാവകാശ രേഖകൾ പ്രകാരം ലഭിച്ച മറുപടിയിലാണ് എൻ.എച്ച്.എ കേസ് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനെ കക്ഷി ചേർത്തതിനെതിരെ സർക്കാർ ഡൽഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. കരാറിലെ കക്ഷികൾക്ക് മാത്രമേ ട്രിബ്യൂണലിൽ കക്ഷിയാകാനാകൂ. എന്നിരിക്കെ കേസിൽ കക്ഷി ചേർന്ന് കമ്പനിയെ പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാതെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
ടോൾ കരാർ കമ്പനി നിർമ്മാണം പൂർത്തീകരിക്കാതെയും സേഫ്ടി ഓഡിറ്റ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കാതെയുമാണ് ടോൾ പിരിക്കുന്നതെന്നാണ് പ്രധാന പരാതി.
കൊള്ള നടത്തുന്ന കരാർ കമ്പനിയെ പുറത്താക്കുന്നത് വരെ കോൺഗ്രസ് ശക്തമായ പോരാട്ടം തുടരും. ജനങ്ങളുടെ ആശങ്കയ്ക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകണം. സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പ്രതികരിക്കണം.- അഡ്വ. ജോസഫ് ടാജറ്റ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്