മാള: മാളയിലെ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ഡോക്ടറുടെ സേവനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പരിശോധനാ സമയം കഴിയും മുമ്പ് ഡോക്ടർ സേവനം അവസാനിപ്പിക്കുകയും മിക്ക ദിവസങ്ങളിലും ഡോക്ടർ വൈകിയെത്തുകയും ചെയ്യുന്നു. ഇതുമൂലം രോഗികൾ ചികിത്സ കിട്ടാതെ മടങ്ങിപ്പോകേണ്ട ഗതികേടിലാണ്. പ്രായമായവരും ഭിന്നശേഷിക്കാരുമായ രോഗികളാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. മാളയുടെ പ്രാന്ത പ്രദേശങ്ങളിൽ നിന്നും നൂറും നൂറ്റമ്പതും രൂപ മുടക്കി ഓട്ടോറിക്ഷയിലെത്തുന്ന രോഗികൾക്ക് യഥാസമയം ചികിത്സ ലഭ്യമാകാത്തതിന് പുറമെ സാമ്പത്തിക നഷ്ടവുമുണ്ടാകുന്നു. ഡോക്ടറുണ്ടെന്ന് കരുതി ഡിസ്‌പെൻസറിയിലെത്തി കഴിയുമ്പോഴാണ് ഡോക്ടർ ഇല്ലെന്ന് അറിഞ്ഞ് നിരാശയോടെ തിരിച്ചു പോകേണ്ടി വരുന്നത്. 150 ഓളം രോഗികൾ ഈ ഡിസ്‌പെൻസറിയിൽ പ്രതിദിനം ചികിത്സ തേടി എത്തുന്നുണ്ട്. കൂടുതലും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളരാണ്.
ഒരു ഡോക്ടർ, ഒരു ഫാർമസിസ്റ്റ്, ഒരു അറ്റൻഡർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവരാണ് ഡിസ്‌പെൻസറിയിലെ ജീവനക്കാർ. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഡിസ്‌പെൻസറിയുടെ പ്രവർത്തന സമയം. ദിവസത്തിൽ അഞ്ചുമണിക്കൂർ മാത്രമേ ഡോക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യേണ്ടതുള്ളു. അതുപോലും ചെയ്യാൻ തയ്യാറാകാത്ത സ്ഥിതിയാണിവിടെ. രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കണമെന്നും ഡോക്ടറുടെ സേവനം രോഗികൾക്ക് കൃത്യമായി ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നുമാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.
സ്ഥല പരിമിതിയും വില്ലൻ !
മാള കുളത്തിന് സമീപത്തെ വളവിനോട് ചേർന്നുള്ള റോഡരികത്താണ് ഡിസ്‌പെൻസറി. രണ്ട് സെന്റ് സ്ഥലത്തെ ഡിസ്‌പെൻസറിയിൽ പാർക്കിംഗിനുള്ള സൗകര്യം ഒട്ടുംതന്നെ ഇല്ല. രോഗികളെ വാഹനത്തിൽ നിന്നും ഇറക്കുന്നതിന് വാഹനം റോഡിൽ തന്നെ നിറുത്തേണ്ട സ്ഥിതിയാണ്. ഇവിടെ വാഹനാപകടങ്ങളും പതിവാണ്. ഹോമിയോ ഡിസ്‌പെൻസറിയിൽ ചികിത്സയ്ക്ക് എത്തിയാൽ രോഗികൾക്ക് ഇരിക്കാൻ പോയിട്ട് മറ്റൊരാളുടെ ശരീരത്തിൽ മുട്ടാതെ നിൽക്കാൻ ഇവിടെ സ്ഥലമില്ല. രജിസ്‌ട്രേഷൻ കൗണ്ടറിൽ നിൽക്കാനും മരുന്ന് വാങ്ങാനും സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുകയാണ്. കൺസൾട്ടേഷൻ റൂമിലാണ് ഇത്തിരിയെങ്കിലും സ്ഥലമുള്ളത്.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഡിസ്‌പെൻസറിയിൽ രോഗികൾക്ക് കാര്യക്ഷമമായ രീതിയിൽ ചികിത്സ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
-ബിന്ദു ബാബു
(പ്രസിഡന്റ്, മാള പഞ്ചായത്ത്)