വടക്കാഞ്ചേരി: ഗാന്ധി അനുസ്മരണത്തിനിടെ നടന്ന അക്രമത്തിന് പിന്നിൽ ഡി.സി.സി സെക്രട്ടറിമാരായ കെ. അജിത്കുമാർ, ഷാഹിത റഹ്മാൻ എന്നിവരാണന്നും ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അടിയന്തിര യോഗം. കഴിഞ്ഞ ഏഴുമാസമായി ഇവർ സംഘടനാ വിരുദ്ധപ്രവർത്തനം നടത്തുകയാണ്.
പാർട്ടിയെ പൊതുജന മദ്ധ്യത്തിൽ അപമാനിക്കാനും സ്വാർത്ഥ താത്പര്യങൾ നടപ്പിലാക്കുന്നതിനുമാണ് ഇവർ ശ്രമിക്കുന്നതെന്നാണ് കുറ്റപ്പെടുത്തൽ. കോൺഗ്രസ് നേതൃത്വത്തിനും പൊലീസിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് ഓഫീസിലെ ഗാന്ധി ചിത്രവും നിലവിളക്കും വലിച്ചെറിയുകയും കസേരകൾ തല്ലിപ്പൊളിക്കുകയും സമരാഗ്‌നി ജാഥയുടെ പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് കോൺഗ്രസ് അടിയന്തര യോഗത്തിൽ പ്രസിഡന്റ് പി.ജി. ജയദീപ് അദ്ധ്യക്ഷനായി. എൻ.ആർ. സതീശൻ, പി.എൻ. വൈശാഖ്, എസ്.എ.എ. ആസാദ്, വി.എം. കുര്യാകോസ്, വറീത് ചിറ്റിലപ്പിള്ളി, വർഗീസ് വാകയിൽ , ബുഷ്റ റഷീദ്, ഒ. ശ്രീകൃഷ്ണൻ, ടി.എസ്. മായാദാസ്, ജയൻ മംഗലം, സി. വിജയൻ, എം.എച്ച്. ഷാനവാസ്, നന്തിലത്ത് ഗോപാലകൃഷ്ണൻ, കെ.കെ. അബൂബക്കർ, പി.എസ്. രാധാകൃഷ്ണൻ, ജോണി ചിറ്റിലപ്പിള്ളി, പി.വി. ഹസനാർ, ബിജു കൃഷ്ണൻ, റോയ് ചിറ്റിലപ്പിള്ളി, ജനാർദ്ദനൻ പെരിങ്ങണ്ടൂർ എന്നിവർ പ്രസംഗിച്ചു.