
പൂവാർ: പൂവാറിന്റെ ശുദ്ധജല സ്രോതസായിരുന്ന ചകിരിയാർ ഇന്ന് കൈയേറ്റവും മാലിന്യനിക്ഷേപവും കാരണം നാശത്തിലേക്ക്. മുൻപ് തീരത്തെ മത്സ്യത്തൊഴിലാളികളടക്കം കുടിക്കുന്നതിനും കുളിക്കുന്നതിനും ചകിരിയാറിനെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് കൈയേറ്റക്കാരുടെ കൈകളിലാണ് ചകിരിയാർ.50 മീറ്ററോളം വീതിയുണ്ടായിരുന്ന ചകിരിയാർ ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ല. കൈത്തോടുകൾ പലതും മണ്ണിട്ട് മൂടി. അവിടെ നീരൊഴുക്ക് പൂർണമായും നിലച്ചു. അവശേഷിക്കുന്നിടങ്ങളെല്ലാം അഴുക്കുചാലായി മാറി. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയുന്നത് ഇവിടേക്കാണ്. പൂവാർ ബസ് സ്റ്റാൻഡിലെ മാലിന്യം പോലും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. ഇതു കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്ന് ലോറിയിലും മറ്റും മാലിന്യങ്ങൾ കൊണ്ടുതള്ളുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആറ് നവീകരിക്കാൻ പദ്ധതിയിട്ടെങ്കിലും ഒന്നും നടന്നില്ല.ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളും മൗനത്തിലാണ്.തണ്ണീർത്തടങ്ങളുടെയും ജലസ്രോതസുകളുടെയും സംരക്ഷണം ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ്.കൂടാതെ സംസ്ഥാന സർക്കാരിന്റെ തണ്ണീർത്തട സംരക്ഷണ അതോറിട്ടിയും ഗ്രീൻ കേരള മിഷനും നിലവിലുണ്ട്.എന്നാൽ പൂവാറിൽ വ്യാപകമാകുന്ന അനധികൃത നിർമ്മാണങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.
ചകിരിയാർ
പൊഴിക്കര മുതൽ അരുമാനൂർ താമരക്കുളം വരെ നീളുന്നതും അനേകം കൈത്തോടുകൾ വന്നു ചേരുന്നതുമാണ് ചകിരിയാർ. ചരിത്രപ്രസിദ്ധമായ എ.വി.എം കനാൽ പൂവാറിലെത്തി നെയ്യാറുമായി സംഗമിച്ചിരുന്നത് ചകിരിയാറിന്റെ സഹായത്താലായിരുന്നു. പൂവാറും സമീപ പ്രദേശങ്ങളും കൃഷിയിലും കയർ വ്യവസായത്തിലും മുന്നേറാൻ കാരണമായതും ചകിരിയാർ തന്നെ.
ചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപത്തെ 'പോക്കു മൂസാപുരം ' എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ. വിദേശ രാജ്യങ്ങളുമായി പോലും വ്യാപാരബന്ധം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിഞ്ഞിരുന്നതായി ചരിത്ര രേഖകളിൽ സൂചിപ്പിക്കുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽനാടുകളുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിന് അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയും ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയും ആരംഭിച്ചു. കയറുത്പന്നങ്ങളുടെ നിർമ്മാണത്തിൽ പൂവാർ മേഖല വികസിച്ചു. ജനങ്ങൾ ഇതിനായി ആറ്റിലെ വെള്ളത്തിൽ തൊണ്ട് അഴുകാനിടുന്നതുകൊണ്ടാണ് ചകിരിയാർ എന്ന പേര് വന്ന് ഭവിച്ചതെന്നാണ് പഴമക്കാർ പറയുന്നത്.
ജലഗതാഗതവുമില്ല
ചകിരിയാർ സംരക്ഷിക്കാനായാൽ പൂവാർ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് ജലഗതാഗതം ആരംഭിക്കാനാകും.ഇതിനുള്ള പദ്ധതികൾ പലതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ അരനൂറ്റാണ്ടിനിപ്പുറം ഒരു നവീകരണവും നടന്നിട്ടില്ല.