അപകടങ്ങളും തുടർക്കഥകളാവുന്നു

മലയിൻകീഴ് : വാഹനപ്പെരുപ്പവും മരണപ്പാച്ചിലും മൂലം കാൽനട യാത്രക്കാർക്ക് റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥ. സ്കൂൾ കോളേജ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളുമാണ് ഭീതി പരത്തി പായുന്നത്. കാട്ടാക്കട ഡിപ്പോയിൽ ബസ് കാത്തു നിന്ന ബിരുദ വിദ്യാർത്ഥിനിയെ പാഞ്ഞെത്തിയ ബസ് ഇടിച്ച് അതിദാരുണാന്ത്യം സംഭവിച്ചതാണ് ഒടുവിലത്തെ സംഭവം. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നുംപടി നിശ്ചിത സ്റ്റോപ്പിലല്ലാതെ ബസ് നിറുത്തുകയും എതിരെ വാഹനങ്ങൾ വരുന്നതുപോലും ശ്രദ്ധിക്കാതെ ബസ് ഓടിക്കുന്നതും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ രീതിയെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. മലയിൻകീഴ് ബിവറേജസ് ഔട്ട്ലെറ്റിന് സമീപം കാട്ടാക്കടയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് നിന്നത് അടുത്തിടെയാണ്. അന്ന് ബസിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു, എന്നാൽ അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയായിരുന്നു. സ്വകാര്യ കോളേജ് ബസുകൾ പലപ്പോഴും ജനങ്ങളിൽ ഭീതി പരത്തിയാണ് പോകാറുള്ളത്. സമാന്തര സർവീസ് നടത്തുന്നവരെ കടത്തിവെട്ടുന്ന രീതിയിലാണ് വാഹനങ്ങളിപ്പോൾ പായുന്നത്. സ്കൂൾ കോളേജ് ബസുകൾ നിരീക്ഷിക്കാത്തത് പലപ്പോഴും ഡ്രൈവർമാർക്ക് അനുഗ്രഹമാകാറുണ്ട്. ചോദിക്കാനും പറയാനും ആരുമില്ല എന്ന രീതിയിലാണ് അവരുടെ ഡ്രൈവിംഗ്. വിളപ്പിൽശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഇന്റർനാഷണൽ സ്കൂൾ ബസ് കുണ്ടമൺകടവ് പഴയപാലത്തിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ കമ്പിവേലി തകർത്ത് അപകടത്തിൽപ്പെട്ടതും അടുത്തിടെയാണ്. വാഹനം നിയന്ത്രണം വിട്ടതെന്ന് വിശദീകരണമെത്തിയെങ്കിലും ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് പിന്നാലെ എത്തിയ വിവരം. ചില സ്കൂൾ കോളേജ് ബസ് ഡ്രൈവർമാരും മറ്റാരുടെയെങ്കിലും ലൈസൻസിന്റെ കളർ ഫോട്ടോ കോപ്പിയെടുത്ത് ഫോട്ടോ മാറ്റി സ്കൂൾ അധികൃതരെ കബളിപ്പിച്ചും ബസ് ഡ്രൈവറാകുന്നുവെന്ന ആക്ഷേപമുയരുന്നുണ്ട്.

 വാഹന പരിശോധന ശക്തമാക്കണം

ഇരുചക്രവാഹനങ്ങളും കാറും തടഞ്ഞുനിറുത്തി വളവിൽ മറഞ്ഞുനിന്ന് പൊലീസ് വാഹന പരിശോധന നടത്തുകയും ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ഹെൽമെറ്റ് ഇല്ലാത്തതിന് പിഴ ചുമത്തുകയും ചെയ്യുന്ന പൊലീസ്, സ്കൂൾ കോളേജ് ബസുകൾ കാണുമ്പോൾ വഴിയൊരുക്കി വിടുന്നുവെന്ന് നാട്ടുകാർ പറയുന്നു. വേഗത നിയന്ത്രണവും പരിശോധനകളും ശക്തമാക്കണമെന്ന ആവശ്യം അപകടങ്ങളുണ്ടാകുമ്പോൾ ഉയർന്നുവരാറുണ്ടെങ്കിലും പ്രാവർത്തികമാവാറില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഗ്രാമങ്ങളിൽ രാത്രികാല വാഹനപരിശോധനയില്ലാത്തതിനാൽ അനുവദനീയ സമയം കഴിഞ്ഞാലും വിവിധ സ്ഥലങ്ങളിൽ നിന്ന് തടി, റബർ മരങ്ങൾ എന്നീ സാധനങ്ങളുമായി പായുന്ന ടിപ്പറുകളും ലോറികളും മലയിൻകീഴ് തിരുവനന്തപുരം റോഡു വഴിയാണ് കടന്നു പോകുന്നത്. മണ്ണ് കടത്താനും ഈ റോഡ് തന്നെ ഡ്രൈവർമാർ തിരഞ്ഞെടുക്കുന്നു. അമിതവേഗത്തിൽ പോകുന്ന ഇത്തരം ടിപ്പറുകൾ ഇരുചക്ര, കാൽനട യാത്രക്കാർക്ക് പലപ്പോഴും ഭീഷണിയാണ്. വാഹനപരിശോധന നടത്തുമ്പോൾ ഇത്തരം വാഹനങ്ങളെയും ഉൾപ്പെടുത്താൻ പൊലീസും മോട്ടോർ വകുപ്പും തയാറാവണം.