
വിഴിഞ്ഞം: കടലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിഴിഞ്ഞത്ത് സജ്ജമാക്കിയ കൃത്രിമ പാരുകൾ ഉടൻ കടലിൽ നിക്ഷേപിക്കും. ഇതിനായി ഉരു വിഴിഞ്ഞത്തെത്തിയിട്ടുണ്ട്, മറ്റൊന്ന് അടുത്തയാഴ്ചയുമെത്തും. പാര് നിക്ഷേപത്തിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി വൈകാതെ നിർവഹിക്കുമെന്നാണ് വിവരം.
മത്സ്യ പ്രജനനത്തിനായി കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് കോൺക്രീറ്റ് നിർമ്മിത പാരുകൾ. പൈപ്പ് രൂപത്തിലും പൂക്കളുടെ രൂപത്തിലുമുള്ള റീഫുകൾ അഥവാ കൃത്രിമ പാരുകൾ വിഴിഞ്ഞം ഹാർബർ റോഡിൽ ഐബിക്ക് സമീപത്തെ സ്ഥലത്താണ് നിർമ്മിക്കുന്നത്. തീരദേശ വികസന കോർപ്പറേഷൻ വഴി നടപ്പാക്കുന്ന 13 കോടിയുടെ പദ്ധതിയിൽ 6300 പാരുകൾ നിർമ്മിക്കുകയാണ് ലക്ഷ്യം. മുമ്പ് ത്രികോണാകൃതിയിൽ ചെറുകുടലിന്റെ മാതൃകയിൽ നിർമ്മിച്ചിരുന്ന പാരുകളാണ് ഇപ്പോൾ രൂപമാറ്റം വരുത്തിയത്.
പൂവാർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലാണ് ആദ്യഘട്ട നിക്ഷേപം. ഓരോ സ്ഥലത്തും 150 പാരുകൾ നിക്ഷേപിക്കുന്നതിൽ 35 എണ്ണം പൂവിന്റെയും 35 എണ്ണം പൈപ്പിന്റെയും 80 എണ്ണം ത്രികോണ രൂപത്തിലുള്ളതുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിലെ പാര് നിക്ഷേപം പൂർത്തിയാകുന്ന മുറയ്‌ക്ക് മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സഹായത്തോടെ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
നിക്ഷേപിക്കുന്നത് 6300 പാരുകൾ
പദ്ധതി ഇങ്ങനെ
കട്ടമര തൊഴിലാളികൾക്കും ചെറിയ വള്ളക്കാർക്കും നേട്ടം
മൂന്ന് കോൺക്രീറ്റ് വളയങ്ങൾ ചേർന്ന പൂക്കളുടെ
ആകൃതിയിലുള്ള പാരിന് ബലം കൂടുതൽ
മൂന്ന് പൈപ്പുകൾ പരസ്‌പരം ചേർന്ന
രൂപത്തിലുള്ളതാണ് പ്പൈപ്പ് റീഫുകൾ
ആവാസ വ്യവസ്ഥ
നിക്ഷേപിക്കുന്ന കൃത്രിമ പാര് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയാകും. എണ്ണം കുറയുന്ന പല മത്സ്യങ്ങളും ഇവിടേക്ക് എത്താൻ സാദ്ധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയിൽ നിന്ന് സംരക്ഷണവും ലഭിക്കും. പവിഴപ്പുറ്റുകൾ,ചെളി,ലോലമായ കടൽത്തിട്ടകൾ എന്നിവ ഒഴിവാക്കിയാണ് പാര് നിക്ഷേപം. മുമ്പ് സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തിൽ ആന്ധ്രാ, തമിഴ്നാട്,ഗുജറാത്ത്,കേരളം എന്നിവിടങ്ങളിൽ കൃത്രിമ പാരുകൾ നിക്ഷേപിച്ചതിനെ തുടർന്ന് 17 മുതൽ 30 ശതമാനം വരെ മത്സ്യസമ്പത്ത് വർദ്ധിച്ചെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.