
വലിയകട ലക്ഷ്മീപുരം മാർക്കറ്റിലെ ഇരുനില കെട്ടിടം നിലംപൊത്താറായ നിലയിൽ. ഏകദേശം അൻപത് വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ പലഭാഗവും അടർന്ന് വീണ് എതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡിൽ വലിയകട ജംഗ്ഷനിൽ പ്രധാനപാതയോട് ചേർന്നാണ് കെട്ടിടം നിലയുറപ്പിച്ചിരിക്കുന്നത്. ചിറയിൻകീഴിൽ ഏറെ ജനത്തിരക്കേറിയ പ്രദേശമാണിവിടം. ചന്ത കൂടാനെത്തുന്നവരും കച്ചവടക്കാരും ബസ്, വാഹന, കാൽനട യാത്രക്കാരുമായി ആയിരക്കണക്കിനാളുകളാണ് കെട്ടിടത്തിന് സമീപം വന്നുപോവുന്നത്. ബലക്ഷയമുള്ള കെട്ടിടം നിലംപൊത്തിയാലുണ്ടാകുന്ന അപകടം ചെറുതല്ല. കെട്ടിടത്തിന്റെ ഒന്നാംനില പൂർണമായും ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. താഴത്തെ നിലയിലുള്ള ഏഴോളം കടകൾ മാത്രമാണ് ഉപയോഗപ്രദമായുള്ളത്. ബാക്കിയുള്ള മിക്ക കടകളും ഉപയോഗശൂന്യമായിക്കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ ബലക്ഷയം സമീപ കെട്ടിടങ്ങൾക്കും ഭീഷണി ഉയർത്തുന്നു. ചിറയിൻകീഴ് റോഡിന് സമാന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കടമുറികളിലൊന്നിന്റെ മേൽക്കൂര അടർന്നുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കം കാരണം കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുന്ന സ്ഥിതിയിലായതാണ് കെട്ടിടം പൊളിഞ്ഞുവീഴുമെന്ന നിലയിലാക്കിയത്.
കെട്ടിടം പൊളിച്ചു മാറ്റണം
ഒന്നാംനിലയിലെ മേൽക്കൂരയും ജനലും വാതിലുമെല്ലാം തുരുമ്പും ചിതലുമരിച്ച് പൂർണമായും നശിച്ചു. വർഷങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ആശുപത്രിയാണ് ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടം ജീർണാവസ്ഥയിലേക്ക് നീങ്ങിയതിനാൽ ഇപ്പോൾ ഒന്നാംനില വാടകയ്ക്ക് നൽകാനാവാത്ത സ്ഥിതിയാണ്. 2014ൽ കെട്ടിടത്തിന്റെ ഒരുവശത്ത് മീൻ വില്പനയ്ക്കുള്ള ആധുനിക സ്റ്റാളുകൾ പണിതുകൊണ്ട് ചന്ത നവീകരിച്ചിരുന്നു. എഴുപത് സെന്റോളം വസ്തുവിലുള്ള ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിനാണ്. ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കുമെന്ന് അധികൃതർ വർഷങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും അതിന്റെ നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ കെട്ടിടം ഉടൻ പൊളിച്ചുമാറ്റിയില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് ചിറയിൻകീഴ് സാക്ഷ്യം വഹിക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.