photo

ചിറയിൻകീഴ്: അഴൂർ കുഴിയം കയർ സംഘം - ഏറത്ത് മാടൻനട റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ജില്ലാപഞ്ചായത്തിന്റെ 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് ഇവിടെ റോഡ് നിർമ്മിച്ചത്.

റോഡിന്റെ മിക്ക ഭാഗത്തും കയറ്റിറക്കങ്ങളാണ് പോരാത്തതിന് കുഴികളുമുണ്ട്. മഴക്കാലമായാൽ ഇവിടം ചെളിയാകും. 8 മീറ്റർ വീതിയിലാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നതെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും വള്ളിച്ചെടികളും പുല്ലും പടർന്നു കയറി പലയിടത്തും ചെമ്മൺപാത 2 മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. കാടും പടർപ്പും റോഡരികിൽ നിന്ന് മാറ്റിത്തരണമെന്ന് ആവശ്യം പോലും നടപ്പായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെരുങ്ങുഴി ആറാട്ടുകടവ് മുതൽ കുഴിയം കയർ സംഘം വരെ നിലവിൽ ടാറിട്ട റോഡുണ്ട്.

അഴൂർ റെയിൽവേ ഗേറ്റ് അടയുമ്പോഴും പെരുങ്ങുഴി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള റോഡായിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും അടിയന്തരമായി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ചെമ്മൺപാത

വർഷങ്ങൾക്കിപ്പുറവും ഇത് ചെമ്മൺപാതയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും പരാതിക്കും പരിവട്ടത്തിനും ഒടുവിലാണ് റോഡ് നിർമ്മിച്ചത്. ചെമ്മൺപാതയിൽ പലയിടത്തും ചെളിക്കുളമാണിപ്പോൾ. വേനൽക്കാലത്ത് പോലും ഇതുവഴിയുള്ള യാത്ര നരകമാണ്.

ചെളിയായി റോഡ്

ഇവിടുത്തെ കുഴികളിലും ചെളികളിലും ബൈക്ക് യാത്രക്കാർ തെന്നി വീഴുന്നത് പതിവാണ്. ഈ റോഡിൽ അഴൂർ വലിയവീട് ഭാഗത്ത് മഴവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ റോഡിന്റെ ഒരു ഭാഗം മുഴുവൻ ഓട പോലെയായിരിക്കുകയാണ്. കുത്തിറക്കമായതിനാൽ ബൈക്ക് യാത്രക്കാർ കണ്ണൊന്ന് തെറ്റിയാൽ കുഴിയിൽ വീണതു തന്നെ.

ആവശ്യക്കാരേറെ

ഈ റോഡിനെ ബന്ധിപ്പിച്ചാണ് കുഴിയം കയർ സംഘം - ഏറത്ത് മാടൻനട റോഡ് നിർമ്മിച്ചത്. വിവിധ കാരണങ്ങളാൽ പെരുങ്ങുഴി റെയിൽവേഗേറ്റ് അടയുമ്പോൾ പെരുങ്ങുഴി ആറാട്ട് കടവ്, പ്ലാവിന്റെ മൂട്,കുഴിയം,ചല്ലിമുക്ക് നിവാസികൾക്കെല്ലാം പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണിത്. മാത്രവുമല്ല മുരുക്കുംപുഴ കടവ് - പെരുങ്ങുഴി തീരദേശ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് അഴൂരിലേക്കും പെരുമാതുറയിലേക്കും പ്രവേശിക്കേണ്ട പാത കൂടിയാണിത്.

കാൽനടയാത്ര പോലും ഇവിടെ ദുഷ്കരമാണ്.ബന്ധപ്പെട്ട അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ട് ഈ റോഡ് ഗതാഗതയോഗ്യമാക്കണം.

വി.സിദ്ധാർത്ഥൻ,എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖാ സെക്രട്ടറി