k

തിരുവനന്തപുരം: പാറപ്പുറത്തും മിയാവാക്കി കാട് വളർത്തി പുളിയറക്കോണം സ്വദേശി എം.ആർ.ഹരി (61). പുളിയറക്കോണം മൈലമൂട്ടിലെ ഒന്നരയേക്കറിൽ ഔഷധവനവും പൂവനവും പഴം-പച്ചക്കറിത്തോട്ടവും ഗീതഗോവിന്ദ വനവും മത്സ്യക്കുളവും പാറക്കുളവും.

2007ലാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്. പാറ നിറഞ്ഞ മണ്ണും ജലക്ഷാമവും ഓരോ ശ്രമവും പരാജയപ്പെടുത്തി. തൈകൾ രണ്ടോ മൂന്നോ വർഷം നിൽക്കും. വരൾച്ചയിൽ ഉണങ്ങിപ്പോകും. പത്തു വർഷം പോയി. 2015 ലാണ് ഹരി മിയാവാക്കി വനവത്കരണത്തെ കുറിച്ചറിയുന്നത്.

മൂന്ന് വർഷമെടുത്ത് മിയാവാക്കി രീതി പഠിച്ചു. 2018 ആദ്യത്തെ മിയാവാക്കി കാടൊരുങ്ങി. തൈകൾ വേഗത്തിൽ വളർന്നു. സൂക്ഷ്മജീവികളും സസ്യ - ജന്തു ജാലങ്ങളുമൊക്കെയായി സ്വാഭാവിക ആവാസവ്യവസ്ഥ. ചെത്തി, അരളി, ലില്ലി, നെല്ലി, പ്ലാവ്, മാവ്, കാട്ടുചാമ്പ, മുട്ടിപ്പഴം തുടങ്ങി 5000ത്തിലേറെ ചെടികളും മരങ്ങളും. കവി ജയദേവന്റെ ഗീതഗോവിന്ദം എന്ന കൃതിക്ക് ആദരമായി 120 ചതുരശ്ര മീറ്ററിൽ കൃതിയിൽ പരാമർശിക്കുന്ന ചെടികളും. നഴ്സറികളിൽ നിന്നും വഴിയരികിൽ നിന്നുമെല്ലാമാണ് തൈകൾ ശേഖരിച്ചത്. പച്ചപ്പും തണലും ശുദ്ധവായുവും ധാരാളം. പൊരിവെയിലിലും തണുപ്പാണിവിടെ. വേനലിൽ കിളികൾ കുളിക്കും, വെള്ളം കുടിക്കും. പഴങ്ങളെല്ലാം ഇവർക്കുള്ളതാണ്.

ഒരു ചതുരശ്ര അടിയിൽ തൈ ഒരുക്കാൻ 350 - 400രൂപയാണ് ചെലവ്. പാറയിൽ ദ്വാരങ്ങളിട്ട് നടീൽ മിശ്രിതം നിറച്ച് അറുപതിലധികം തൈകളാണ് നട്ടത്. മിയാവാക്കി വനത്തിന് ജൈവവളമാണ് നല്ലത്. അതിന് കന്നുകാലി ഫാമും തുടങ്ങി. വനത്തിന് നടുക്കായി മരപ്പാളികളും തറയോടും ഉപയോഗിച്ച് പ്രകൃതി സൗഹൃദവീടും. പാറക്കുളങ്ങൾ കൂടാതെ മഴവെള്ള സംഭരണികളും. കർണാടക,തമിഴ്നാട്, അബുദാബി തുടങ്ങി 200ഓളം ഇടങ്ങളിൽ ഹരിയുടെ നേതൃത്വത്തിൽ മിയാവാക്കി വനം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിൽ എക്സിക്യുട്ടീവ് ചെയർമാനാണ് ഹരി. പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തകനുമാണ്. മകൾ താര ബംഗളൂരുവിൽ വിദ്യാർത്ഥിയാണ്.

മിയാവാക്കി

പ്രശസ്‌ത ജാപ്പനീസ്‌ സസ്യശാസ്‌ത്രജ്ഞൻ ഡോ. അകിരാ മിയാവാക്കി വികസിപ്പിച്ച സ്വാഭാവിക വനവത്‌കരണമാണ് മിയാവാക്കി. നഗരങ്ങളിലടക്കം എത്ര കുറഞ്ഞ സ്ഥലത്തും ചുരുങ്ങിയ കാലം കൊണ്ട് തദ്ദേശീയ സസ്യങ്ങൾ നട്ട് മിനിയേച്ചർ കാട്‌ വളർത്താം.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും ഇല്ലാതാവുന്ന പ്രകൃതിയെ വീണ്ടെടുക്കാനും മിയാവാക്കി വനങ്ങളിലൂടെ സാധിക്കും

-എം.ആ‌ർ.ഹരി