
തിരുവനന്തപുരം: ഹൃദ്രോഗ നിർണയത്തിൽ നിർമ്മിത ബുദ്ധിക്ക് അപാരമായ സാദ്ധ്യതകളുണ്ടെന്നും രോഗ നിർണയം കൃത്യമാണെന്നും പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധനും യു.എസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പീഡിയാട്രിക് ആൻഡ് അഡൽറ്റ് കൺജനിറ്റൽ കാർഡിയോളജി ഡയറക്ടറുമായ ഡോ. ഷെൽബി കുട്ടി പറഞ്ഞു.
എ.ഐക്ക് അളവുകളും വ്യാഖ്യാനങ്ങളും ഓട്ടോമേറ്റ് ചെയ്യാനാകും. ഇതിലൂടെ രോഗിയെക്കുറിച്ചുള്ള കൃത്യമായ ചിത്രം ഡോക്ടർമാർക്ക് ലഭിക്കുമെന്നും കേരളകൗമുദിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയ അദ്ദേഹം കൊച്ചി സ്വദേശിയാണ്.
?യുവാക്കളിൽ ഹൃദയാഘാത മരണം കൂടുന്നുണ്ടോ
നവജാത ശിശു മുതൽ 100 വയസുള്ള വ്യക്തിക്ക് വരെ ഹൃദയാഘാത സാദ്ധ്യതയുണ്ട്. പുകവലി, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കുടുംബ ചരിത്രം ഉൾപ്പെടെ പല ഘടകങ്ങളുണ്ട്. ഹൃദയാഘാതമുണ്ടാകാൻ നിശ്ചിത സമയത്ത് അനവധി ഘടകങ്ങൾ ഒത്തുചേരേണ്ടതുണ്ട്. ജീവിതശൈലിയിൽ ശ്രദ്ധയില്ലെങ്കിൽ ഹൃദയാഘാത സാദ്ധ്യത വർദ്ധിക്കും.
?കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ
ജനനസമയത്ത് കുഞ്ഞിന് ഹൃദയത്തിൽ ഉണ്ടാകുന്ന ന്യൂനതയാണ് സി.എച്ച്.ഡി അഥവാ ജന്മനാ ഉള്ള ഹൃദ്രോഗം. ഭ്രൂണ വളർച്ചയുടെ സമയത്തുണ്ടാകുന്ന ഹൃദയത്തിന്റെ അസാധാരണ രൂപീകരണം മൂലമാണിത്. ചില ഹൃദയ വൈകല്യങ്ങൾ കുഞ്ഞിന്റെ ക്രോമസോമുകളുടെ എണ്ണത്തിലെ അസാധാരണത്വവുമായി ബന്ധപ്പെടുത്താം. ഗർഭത്തിന്റെ ആദ്യ ആഴ്ചകൾ കുഞ്ഞിന്റെ ഹൃദയം വളരുന്ന സമയമാണ്. അമ്മയ്ക്ക് ഉണ്ടാകാവുന്ന രോഗങ്ങളോ, മരുന്നുകളോ ഹൃദയത്തിന്റെ വളർച്ചയെ ബാധിക്കാം. റൂബെല്ല, ഇൻസുലിൻ ആശ്രിത പ്രമേഹം, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയിൽ നിന്നുള്ള ഗർഭം, ലൂപ്പസ് എന്നിവ അമ്മയ്ക്ക് ഉണ്ടെങ്കിൽ സി.എച്ച്.ഡിയുള്ള കുട്ടി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ജന്മനാ ഹൃദയ വൈകല്യമുള്ള സ്ത്രീകൾ ഗർഭിണിയാകുന്നതിന് മുമ്പ് ജനിതക ഉപദേഷ്ടാവിനോടോ ജനിതക വിദഗ്ദ്ധനോടോ സംസാരിക്കണം.
?കുട്ടികളിലെ ജന്മനായുള്ള ഹൃദ്രോഗങ്ങൾ എങ്ങനെ മാറ്റാം
ജന്മനായുള്ള ചില രോഗങ്ങൾ വളരുമ്പോൾ പൂർണ്ണമായി സുഖപ്പെട്ടേക്കാം. ഹൃദയത്തിലെ താഴത്തെ അറകൾക്കിടയിലെ ഭിത്തിയിലെ 90 ശതമാനം സുഷിരങ്ങളും ആറു വയസിനുള്ളിൽ അടഞ്ഞു പോകും. ഹൃദയത്തിന്റെ മുകളിലെ അറയിലെ ചെറിയ ദ്വാരങ്ങൾ, ഹൃദയ വാൽവുകളുടെ നിസാര പ്രശ്നങ്ങൾ ഇവയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.
?കൊവിഡ് വാക്സിൻ ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ
കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ഹൃദ്രോഗ സാദ്ധ്യത പ്രധാനമായും പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. 12നും 17നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികൾളാണ് ഏറ്റവും സാദ്ധ്യതയുള്ള ഗ്രൂപ്പ്. രണ്ടാമത്തെ ഡോസിന് ശേഷമുള്ള മയോകാർഡിറ്റിസ് അപകടസാദ്ധ്യത 1,00,000ൽ 36 പേർക്കാണ്. അവർക്ക് മയോകാർഡിറ്റിസ് വന്നാലും 98 ശതമാനം സുഖപ്പെടും. എന്നാൽ കൊവിഡ് ബാധിച്ചവർക്കുള്ള മയോകാർഡിറ്റിസിന്റെ അപകടസാദ്ധ്യതയാണ് കൂടുതൽ. 1,00,000ൽ 65 പേർക്ക് മയോകാർഡിറ്റിസ് ഉണ്ടാകാം. ഇതിൽ 12 ശതമാനം രോഗികൾ മരിക്കുന്നു.