
തിരുവനന്തപുരം: കുട്ടിക്കാലത്ത് വീട്ടുകാരുടെ എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടിവന്ന റോളർ സ്കേറ്റിംഗിൽ മക്കളെ മിന്നും താരങ്ങളാക്കി സക്കീന. മക്കൾ കൈവച്ചത് വേഗമേറിയ റോളർ സ്കേറ്റിംഗ് ഹോക്കിയിലാണ്.
തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ ഈ 52കാരിയുടെ മക്കളായ മുഹമ്മദ് ഇഷാൻ(18) സംസ്ഥാന ചാമ്പ്യൻഷിപ്പുവരെ എത്തിയപ്പോൾ, മുഹമ്മദ് ഇജാസ്(15) ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ചു.
കുട്ടിയായിരിക്കേ, സക്കീന കുടുക്കയിലെ പണം കൊണ്ട് റോളർ സ്കേറ്റ് വാങ്ങി. സഹോദരങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയപ്പോൾ 'പെൺകുട്ടിയാണ്, വീഴും ' എന്നു പറഞ്ഞു വീട്ടുകാർ നിരുത്സാഹപ്പെടുത്തി. കായിക ഇനങ്ങളിൽ താത്പര്യമുണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞതോടെ വിവാഹിതയായി. പക്ഷേ, കുട്ടിക്കാലത്തെ ആഗ്രഹം മനസിൽനിന്നു മാഞ്ഞില്ല.
മൂത്ത മകൻ ഇഷാൻ അഞ്ചാം വയസിൽ മണക്കാട് അനന്തപുരി ക്ലബിൽ പരിശീലനം തുടങ്ങി. അതുകണ്ട് ഇജാസിനും താല്പര്യമായി. പരിശീലനത്തിനിടെ പലവട്ടം പരിക്കേറ്റു. ഇജാസിന്റെ കൈയൊടിഞ്ഞു, മാസങ്ങളോളം കിടപ്പിലായി. ഇഷാന് മൂക്കിൽ ചത വളർന്നതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. ഇരുവരും അതെല്ലാം തരണം ചെയ്തു. അനന്തപുരി ക്ലബിലെ മോഹൻദാസാണ് പരിശീലിപ്പിച്ചത്. ഇജാസ് പഞ്ചാബിലും (2021) ബംഗളൂരുവിലും (2022)ചണ്ഡിഗറിലും (2023) നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു.
കടംവാങ്ങി മത്സര വേദിയിലേക്ക്
സ്കേറ്റിനും ഹെൽമറ്റിനും ഷൂസിനും ഹോക്കി സ്റ്റിക്കിനുമായി രണ്ട് ലക്ഷത്തിനുമേൽ ചെലവ് വരും. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രയ്ക്കും താമസത്തിനും ചെലവ് വേറെ.
കടം വാങ്ങിയും ബാങ്കിൽ നിന്ന് വായ്പ എടുത്തുമാണ് സക്കീനയും കട നടത്തുന്ന ഭർത്താവ് മാഹീൻകണ്ണും ഇതിനുള്ള തുക കണ്ടെത്തുന്നത്. കൊവിഡിനുശേഷം ഭർത്താവിന്റെ ബിസിനസ് തളർന്നു. സർക്കാരിൽ നിന്നും സ്പോർട്സ് കൗൺസിലിൽ നിന്നും സഹായവും ലഭിച്ചിട്ടില്ല. കാര്യവട്ടം എൻജിനിയറിംഗ് കോളേജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഇഷാൻ. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ പത്താംക്ലാസുകാരനാണ് ഇജാസ്.