
ശിവഗിരി: കേരളത്തിലെ സംഘടനാ പ്രസ്ഥാനങ്ങൾക്കുള്ള അടിത്തറ പാകിയത് ശ്രീനാരായണ ഗുരുവിന്റെ സംഘടന കൊണ്ട് ശക്തരാവുകയെന്ന വിപ്ളവകരമായ ആശയമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിത പ്രസ്ഥാനങ്ങൾ - നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തിലെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസംഘടതിമായി നിൽക്കുന്നവർക്ക് സാമൂഹിക പുരോഗതി നേടാൻ സംഘടന അനിവാര്യമാണെന്നാണ് ഗുരു ഉദ്ബോധിപ്പിച്ചത്. സാമൂഹിക തിന്മകളില്ലാതാക്കുന്നതിലും സംഘടനകൾ വലിയ പങ്ക് വഹിക്കുമെന്ന് ഗുരുവിന് അറിയാമായിരുന്നു. ജാതീയമായ പല ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കുന്നതിൽ പിന്നീട് പിറവിയെടുത്ത സംഘടനകൾ നിർണായകമായ പങ്കാണ് വഹിച്ചത്. നവോത്ഥാന കേരളത്തിന്റെ വളർച്ചയിലും സംഘടിത ശക്തികൾ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ, ചിലപ്പോഴെങ്കിലും സംഘടനാ ശക്തി കൊണ്ട് സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് മറക്കരുത്. തങ്ങളുടെ ചില ആശയങ്ങളുടെ പ്രചാരണത്തിനായി സംഘടനയെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. വ്യവസായത്തിന് പറ്റിയ മണ്ണല്ല കേരളമെന്ന് പ്രചാരണമുണ്ടായി. എന്നാലിന്ന് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷനായി. എ.എ.റഹീം എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ,
ജി.പ്രിയദർശനൻ, ഡോ.അജയ് ശേഖർ, യു.എ.ഇ ഗുരുധർമ്മ പ്രചാരണ സഭ ചീഫ് കോ ഓർഡിനേറ്റർ രാമകൃഷ്ണൻ ഷാർജ, ബഹറിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ബഹറിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ കെ.പി.സനീഷ്, ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.മുഹമ്മദ്, സാരഥി കുവൈറ്റ് സതീഷ് പ്രഭ, എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പിള്ളി എന്നിവർ സംസാരിച്ചു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ശ്രീനാരായണ ഗുരു വിശ്വസംസ്കാരഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ നന്ദിയും പറഞ്ഞു.