
ശിവഗിരി: നാനാദേശങ്ങളിൽ നിന്നുള്ള തീർത്ഥാടക ലക്ഷങ്ങളുടെ പങ്കാളിത്തം കൊണ്ടും തീർത്ഥാടന ലക്ഷ്യത്തിന്റെ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തി ആശയസമ്പുഷ്ടമായ സമ്മേളനങ്ങൾ കൊണ്ടും ധന്യമായ 91-ാമത് ശിവഗിരി മഹാതീർത്ഥാടക സമ്മേളനങ്ങൾക്ക് ഇന്നലെ കൊടിയിറങ്ങി. ഗുരുഭക്തർക്ക് ദർശന സൗകര്യം ലഭ്യമാക്കാൻ തീർത്ഥാടനം ജനുവരി അഞ്ചുവരെ തുടരും.
ആലുവ സർവമത സമ്മേളനം, വൈക്കം സത്യഗ്രഹം, മഹാകവി കുമാരനാശാന്റെ ദേഹവിയോഗം എന്നിവയുടെ ശതാബ്ദിയും ശിവഗിരി ഹൈസ്കൂളിന്റെ ശതാബ്ദിയും 91-ാമത് ശിവഗിരി തീർത്ഥാടന വർഷത്തിലായി എന്നതും പ്രത്യേകതയാണ്. സർവമത സമ്മേളന ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തത് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, വീണാജോർജ്,സജിചെറിയാൻ, കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ജനപ്രതിനിധികൾ, ശാസ്ത്ര, സാഹിത്യ,സാങ്കേതിക,വ്യാവസായിക, കാർഷിക രംഗങ്ങളിലെ പ്രമുഖർ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ വ്യത്യസ്ത സമ്മേളനങ്ങളിൽ പങ്കെടുത്തു.
കർണാടക, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരെ ഉൾപ്പെടുത്തി നടത്തിയ 'ഗുരുചര്യ' സമ്മേളനം ഇത്തവണത്തെ തീർത്ഥാടനത്തിന്റെ സവിശേഷതയായി. വിദേശ രാജ്യങ്ങളിലെ എസ്.എൻ.ഡി.പി ശാഖകളുടെയും മറ്ര് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും ആദ്യവസാനം സമ്മേളനങ്ങളിൽ സന്നിഹിതരായിരുന്നു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ശിവഗിരി മഠത്തിലെയും മറ്റ് ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെയും സന്ന്യാസ ശ്രേഷ്ഠർ ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും നേതൃത്വം നൽകി. തീർത്ഥാടന ദിവസങ്ങളിൽ അഭൂതപൂർവമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.