തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രങ്ങൾ ജോലി സ്ഥലമാക്കാനുള്ള കേരള ടൂറിസം വികസന കോർപ്പറേഷന്റെ (കെ.ടി.ഡി.സി) വർക്കേഷൻ പദ്ധതി തലസ്ഥാനത്ത് വൈകാതെ നടപ്പായേക്കും.
നെയ്യാർ ഡാമിൽ കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നടപ്പാക്കുന്ന പദ്ധതിക്ക് അനുമതിയായി. വേനലവധി വരാൻ പോകുന്ന സാഹചര്യത്തിൽ പദ്ധതി നിരവധിപേർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്ത് വർക്കേഷനുവേണ്ടി സജ്ജമാക്കുന്ന ആദ്യ കെ.ടി.ഡി.സി ഹോട്ടലാണ് നെയ്യാറിലേത്. നിലവിൽ ധനവകുപ്പിൽ സമർപ്പിച്ചിരിക്കുന്ന പദ്ധതിക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതുപ്രകാരമുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കും.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് പദ്ധതി കൊണ്ടുവരുന്നതിനാൽ ടെക്നോപാർക്കിലേതിന് സമാനമായ സൗകര്യങ്ങളാണൊരുക്കുക. വർക്കേഷനെത്തുന്നവർക്ക് താമസിക്കാൻ ഏഴ് ഡീലക്‌സ് മുറികളും എട്ട് കിടക്കകളടങ്ങിയ ഒരു ഡോർമെറ്ററിയുമുണ്ടാകും. നെയ്യാർ വന്യജീവി സങ്കേതത്തിനോട് ചേർന്നാണ് ഹോട്ടലെന്നതിനാൽ ഇവിടെയെത്തുന്നവർക്ക് കാനനക്കാഴ്ചകൾ ആസ്വദിക്കാനുമാകും. നെയ്യാറിലെ ഹോട്ടലിനെ പൂർണമായി വർക്കേഷനുവേണ്ടി മാറ്റിയെടുക്കുകയാണ് കെ.ടി.ഡി.സിയുടെ ലക്ഷ്യം.
വൈകാതെ ധനവകുപ്പിൽ നിന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.ടി.ഡി.സി അധികൃതർ പറഞ്ഞു. അതേസമയം വർക്കേഷനുവേണ്ടി കെ.ടി.ഡി.സിയും ടെക്നോപാർക്കും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതുപ്രകാരം സ്വകാര്യ റിസോർട്ടുകളിലും ഹോട്ടലുകളിലുമാണ് ആളുകളെത്തുന്നത്. എന്നാൽ പ്രത്യേക സൗകര്യമൊരുക്കാത്തതിനാൽ സ്വന്തം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉപയോഗിച്ചാണ് ഇവിടെയെത്തുന്നവർ ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവുമായുള്ള സാമീപ്യം കാരണം സംസ്ഥാനത്ത് വയനാട്ടിലാണ് വർക്കേഷൻ ആദ്യമായി തുടങ്ങിയത്.
വർക്കേഷനായി ഒരുക്കുന്ന
സംവിധാനങ്ങൾ
വീഡിയോ കോൺഫറൻസ് റൂം
മീറ്റിംഗ് റൂം
കമ്പ്യൂട്ടറുകൾ
ഇന്റർനെറ്റ് സൗകര്യം
ഇൻഡോർ ഗെയിമുകൾ
ഔട്ട്ഡോർ ഗെയിമുകൾ
സൈക്കിളിംഗ്
ബോട്ടിംഗ്
ട്രെക്കിംഗ്