e

ജനുവരി ആറിന് ആദിത്യ എൽ.1 പേടകം ലെഗ്രാഞ്ച് പോയന്റിലെത്തുമെന്നതാണ് കാത്തിരിക്കുന്ന മറ്റൊരു നിർണ്ണായക മുഹൂർത്തം.ഈ വർഷം ഒരു ഡസനോളം വമ്പൻ ദൗത്യങ്ങളാണ് ഐ.എസ്ആ.ആർ.ഓ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിൽ നാസയുമായി ചേർന്നുള്ള നിസാർ ഭൗമ ഉപഗ്രഹവിക്ഷേപണംനിർണ്ണായകമാണ്

പോയവർഷത്തിൽ അന്താരാഷ്ട്ര തലത്തിൽ ബഹിരാകാശ ഗവേഷണരംഗത്ത് ഏറ്റവും സുപ്രധാനമായ നേട്ടം കൈവരിച്ച രാജ്യം ഇന്ത്യയാണ്.47 വർഷങ്ങൾക്ക് ശേഷം ചാന്ദ്രദൗത്യത്തിനിറങ്ങിയ റഷ്യ പരാജയപ്പെടുകയും ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുകയും ചെയ്ത വർഷമാണ് 2023. ഭീമമായ ചെലവ് സഹിക്കാനാകാതെ ബഹിരാകാശഗവേഷണ രംഗത്ത് വമ്പൻ രാജ്യങ്ങൾ പോലും പിൻവാങ്ങുമ്പോൾ വളരെ ചെലവുകുറഞ്ഞ ബഹിരാകാശഗവേഷണ ദൗത്യങ്ങളുടെ പുതിയ വാതിൽ തുറന്നിടുകയായിരുന്നു ഇന്ത്യ.

വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളും സ്വകാര്യകമ്പനികളും ബഹിരാകാശമേഖലയിൽ കൂടുതൽ സജീവമായ വർഷമായിരുന്നു 2023. ചന്ദ്രയാൻ 3യുടെ വിജയം,നിർമ്മാണത്തിലിരിക്കുന്ന ലോകത്തെ ശക്തിയേറിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ വിക്ഷേപണങ്ങൾ,സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്‌പേസ് എക്സിന്റെ മുന്നേറ്റം എന്നിവയെല്ലാം 2023ലെ അന്താരാഷ്ട്ര നേട്ടങ്ങളാണ്.

വിജയം കുറിച്ച ചന്ദ്രയാൻ 3

2023ആഗസ്റ്റ് 23ന് ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്രംലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള മണ്ണിൽവിജയകരമായി ഇറങ്ങി.അതിലെ പ്രഗ്യാൻ റോബോട്ട് ചന്ദ്രന്റെ മണ്ണിൽ പിച്ചവെച്ചു.ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന രാജ്യമായി ഇന്ത്യമാറി.ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യവുമായി.ദക്ഷിണധ്രുവത്തിന്റെ സങ്കീർണ്ണതകളെ മറികടക്കാൻ ഇന്ത്യയ്ക്കായതാണ് ഇതിലെ നേട്ടം.ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പ്രാപ്തി എത്രത്തോളമുണ്ടെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കുകയാണ് ചന്ദ്രയാൻ 3ചെയ്തത്. 14ദിവസം മാത്രം നീണ്ടുനിന്ന ദൗത്യത്തിൽ സുപ്രധാനമായ പലവിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാൻ വിക്രം ലാൻഡറിനും പ്രഗ്യാൻറോവറിനും കഴിഞ്ഞു. ദക്ഷിണ ധ്രുവത്തിനടുത്ത പ്രദേശത്ത് നിന്ന് ആദ്യമായി സൾഫറിന്റെ സാന്നിധ്യംകണ്ടെത്തിയത് ചന്ദ്രയാൻ 3 ദൗത്യത്തിലൂടെയാണ്. ഒപ്പം പ്രദേശത്തെമണ്ണിന്റെയും ജലസാന്നിധ്യത്തേയും കുറിച്ചുള്ളവിവരങ്ങൾ ശേഖരിക്കാനുമായി.ലാൻഡറിനെ ചന്ദ്രന്റെ മണ്ണിൽ നിന്ന് വീണ്ടും ഉയർത്തി രണ്ടാമത് ലാൻഡ് ചെയ്യിച്ചത് മറ്റൊരു നേട്ടവുമായി

സൂര്യനിലേക്ക്

ചന്ദ്രയാൻ3 വിജയകരമാക്കിയതിന് പിന്നാലെയാണ് ഐ.എസ്.ആർ.ഒ.ഇന്ത്യയുടെ ആദ്യസോളാർ സ്‌പേസ് ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ എൽ1 സെപ്തംബർ രണ്ടിന് വിജയകരമായി വിക്ഷേപിച്ചത്. ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കി വിക്ഷേപിച്ച പേടകം 125ദിവസം നീണ്ടയാത്രയ്‌ക്കൊടുവിൽ ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തും.

സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

സ്പെയ്സ് എക്സ് പോലെ

ഇന്ത്യയിലെ സ്കൈറൂട്ട്

അമേരിക്കിയിലെ സ്പെയ്സ് എക്സ് പോലെ ഇന്ത്യയിലും ബഹിരാകാശ രംഗത്ത് സ്വകാര്യസ്ഥാപനങ്ങൾ വളർന്നുവരുന്നത് കണ്ട വർഷമാണ് 2023.ഇന്ത്യയിലെ എയറോസപേസ് സ്റ്റാർട്ട് അപ്പ് ആയ സ്‌കൈറൂട്ട് എയറോസ്പേസ് ഏഴ് നിലയോളം ഉയരമുള്ള ഈ മൾടി സ്റ്റേജ് റോക്കറ്റിന് വിക്രം1 എന്ന റോക്കറ്റ് നവംബറിൽ വിജയകരമായി വിക്ഷേപിച്ച് പുതിയ തുടക്കം കുറിച്ചു.സ്‌കൈറൂട്ട് പുറത്തിറക്കുന്ന രണ്ടാമത്തെ റോക്കറ്റാണിത്. വിക്രംഎസ് എന്നായിരുന്നു ആദ്യ റോക്കറ്റിന്റെ പേര്. ഒരു സ്വകാര്യ കമ്പനി നിർമിച്ച രാജ്യത്തെ ആദ്യ റോക്കറ്റാണിത്.

നാനോ ഉപഗ്രഹങ്ങൾക്കായി

കുഞ്ഞൻ റോക്കറ്റ്

ചെറിയ ഉപഗ്രഹങ്ങൾ 500കിലോമീറ്റർ മേലെയുള്ള ഭ്രമണപഥങ്ങളിൽ കുറഞ്ഞ ചെലവിൽ എത്തിക്കാനാകുന്ന സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന എസ്.എസ്.എൽ.വി. 2023 ഫെബ്രുവരിയിൽ വിക്ഷേപണം വിജയകരമായി നടത്തി കഴിവ് തെളിയിച്ചു.ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.2 വിക്ഷേപിച്ച് വിജയിച്ചത് വൻ വിപണനസാധ്യതയാണ് തുറക്കുന്നത്.

ഭാവി സാധ്യതകളിലേക്ക്

പോയം പരീക്ഷണം.

പി.എസ്.എൽ.വി. റോക്കറ്റിന്റെ അഗ്രഭാഗം വിക്ഷേപണത്തിന് ശേഷം ഉപേക്ഷിക്കാതെ അതിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് ആകാശത്ത് നിലനിറുത്തി ഒരുമാസത്തോളം പരീക്ഷണങ്ങൾ നടത്തിയ പുതിയ സംരംഭമായിരുന്നു ഓർബിറ്റൽ എക്സ്പെരിമെന്റൽ മൊഡ്യൂൾ എന്ന പോയം പരീക്ഷണം.ബഹിരാകാശത്തെ പേടകങ്ങൾ ഭൂമിയിലിരുന്ന് നിയന്ത്രിക്കാനും ദൗത്യനിർവ്വഹണത്തിനും പരീക്ഷണങ്ങൾക്കും ഉപയോഗിക്കാമെന്ന് തെളിയാക്കാനായത് വൻ നേട്ടമായി.

പുനരുപയോഗ റോക്കറ്റിലേക്ക്

ഒരുചുവടുകൂടി

ഏപ്രിൽ മാസത്തിൽ പുനരുപയോഗ റോക്കറ്റ് നിർമ്മാണത്തിലേക്ക് ഒരുചുവടുകൂടി മുന്നോട്ട് വെയ്ക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിഞ്ഞു.

ബഹിരാകാശത്ത് എത്തി ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് മടങ്ങിയെത്തുന്ന വിമാനരൂപത്തിലുള്ള പുനരുപയോഗ റോക്കറ്റ് (ആർ.എൽ.വി)ഭൂമിയിലെ റൺവേയിലിറക്കുന്ന പരീക്ഷണത്തിൽ ഇന്ത്യ ചരിത്രവിജയം കുറിച്ചു.

കർണാടകത്തിലെ ചിത്രദുർഗയിലെ ഐ.എസ്.ആർ.ഒ.യുടെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലെ റൺവേയിൽ ഇന്നലെ രാവിലെയായിരുന്നു പരീക്ഷണം.

തിരിച്ചിറങ്ങാനും അടുത്ത വിക്ഷേപണത്തിനായി ബഹിരാകാശത്തേക്ക് കുതിക്കാനും ഇത്തരം റോക്കറ്റുകൾക്കാകും.

വിക്ഷേപണച്ചെലവ് കുത്തനെ കുറയ്ക്കാനും ബഹിരാകാശ ടൂറിസത്തിനും ആകാശയാത്രകൾക്ക് അതിവേഗ ബഹിരാകാശ വാഹനങ്ങൾ ഉപയോഗിക്കുന്ന പദ്ധതികൾക്കും സ്പെയ്സ് സ്റ്റേഷൻ പദ്ധതിക്കും പ്രയോജനപ്പെടുന്നതാണ് ഈ പരീക്ഷണവിജയം. ഇതിലെ സാങ്കേതികവിദ്യകൾ ജി.എസ്.എൽ.വി, പി.എസ്.എൽ.വി.റോക്കറ്റുകളുടെ മികച്ച പ്രവർത്തനത്തിനുപകരിക്കും.

2023ൽ ഏഴ് വിക്ഷേപണങ്ങൾ

ആകെ ഏഴ് വിക്ഷേപണങ്ങളാണ് പോയ വർഷം നടത്തിയത്. ഫെബ്രുവരിയിൽ എസ്.എസ്.എൽ.വി. ഡി.2 റോക്കറ്റിൽ ഇ.ഒ.എസ്.2 ഉപഗ്രഹം, മാർച്ചിൽ വൺ വെബിന്റെ 36ഉപഗ്രഹങ്ങളുടെ വിക്ഷേപണം, ഏപ്രിലിൽ ടെലിയോസ് 2 ഉപഗ്രഹ വിക്ഷേപണം, മെയിൽ ഇന്ത്യയുടെ സ്വന്തം ഗതിനിർണ്ണയ സംവിധാനമായ നാവികിനായുള്ള ഉപഗ്രഹ ശൃംഖലയിൽ എൻ.വി.എസ്.01 ഉപഗ്രഹ വിക്ഷേപണം.ജൂലായിൽ ചന്ദ്രയാൻ 3 പേടകവും സിംഗപ്പൂർ ഉപഗ്രഹമായ ഡി.എസ്.എസ്.എ.ആറിന്റെ വാണിജ്യവിക്ഷേപണം,സെപ്തംബറിൽ ആദിത്യ എൽ.1 വിക്ഷേപണം, എന്നിങ്ങിനെയാണ് പോയ വർഷത്തെ നേട്ടങ്ങൾ.

2024ൽ വിജയത്തോടെ തുടക്കം

ബഹിരാകാശ തമോഗർത്തങ്ങളേയും ഊർജ്ജ ശ്രോതസുകളേയും കുറിച്ച പഠിക്കാനുള്ള എക്സ്പോസാറ്റ് ഉപഗ്രഹം ജനുവരി ഒന്നിന് വിജയകരമായി വിക്ഷേപിച്ചാണ് 2024ൽ ഐ.എസ്.ആർ.ഒ.തുടക്കം കുറിച്ചത്. ജനുവരി ആറിന് ആദിത്യ എൽ.1 പേടകം ലഗ്രാഞ്ച് പോയന്റിലെത്തുമെന്നതാണ് കാത്തിരിക്കുന്ന മറ്റൊരു നിർണ്ണായക മുഹൂർത്തം.ഈ വർഷം ഒരു ഡസനോളം വമ്പൻ ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിൽ നിർണ്ണായകമായത് നാസയുമായി ചേർന്നുള്ള നിസാർ ഭൗമ ഉപഗ്രഹവിക്ഷേപണമാണ്. ഭൂമിയെ നിരീക്ഷിക്കാനും കാലാവസ്ഥാപഠനത്തിനുമായുള്ള ഉപഗ്രഹം ഐ.എസ്.ആർ.ഒ.യുടെ നിയന്ത്രണത്തിൽ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിക്കുക.ഗഗൻയാനിന്റെ പരീക്ഷണ ദൗത്യമാണ് ഈ വർഷത്തെ മറ്റൊരു സുപ്രധാന വിക്ഷേപണം. അടുത്ത വർഷമാണ് ഇന്ത്യൻ സഞ്ചാരികളുമായി പേടകം യാത്രചെയ്യുക. അതിന് മുന്നോടിയായുള്ള ആളില്ലാത്ത വാഹനവിക്ഷേപണം ഈ വർഷം നടത്തും.പുനരുപയോഗ റോക്കറ്റായ ആർ.എൽ.വി. വിക്ഷേപണവും ഈ വർഷമുണ്ടാകും. അതിന് പുറമെ വാർത്താവിനിമയ ഉപഗ്രഹമായ ഇൻസാറ്റ് 3ഡി.എസ്.റിസാസ്റ്റ് 1ബി, റിസോഴ്സ് സാറ്റ് 3 , ഓഷൻ സാറ്റ് 3 എ,ജിസാറ്റ് 20, എൻ.വി.എസ്.02, ടി.ഡി.എസ്. 01, ഇന്ത്യയ്ക്ക് കാവലൊരുക്കാനുള്ള 50 ഉപഗ്രഹങ്ങളിൽ പെട്ട ഐ.ഡി.ആർ.എസ്.എസ്. തുടങ്ങിയ ഉപഗ്രഹങ്ങളാണ് ഈ വർഷം നടത്തുക.