l

പീഡനക്കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരന്റെ ഭാര്യാപിതാവു കൂടിയായ മുതിർന്ന പൗരനിൽ നിന്ന് പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥന്മാരെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തതായ വാർത്ത ആരിലും പ്രത്യേക കൗതുകം ജനിപ്പിക്കാനിടയില്ല. കാരണം നിയമപാലകർ തന്നെ നിയമം കൈയിലെടുത്തു കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളിൽ ഒന്നു മാത്രമാണിത്. നിരപരാധിയായ ആരെയും കേസിൽ കുടുക്കാനും ഭേദ്യം ചെയ്യാനും നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും മുമ്പിൽ നാണം കെടുത്താനും പൊലീസിനു കഴിയും. കുറ്റം ചെയ്യണമെന്നൊന്നുമില്ല. ശത്രുത തോന്നുന്ന ആരെയും കുടുക്കിലാക്കാൻ പാകത്തിൽ സി.ആർ.പി.സിയിൽ വകുപ്പുകൾ എത്രവേണമെങ്കിലുമുണ്ട്. പെരുവന്താനം സ്റ്റേഷനിലെ രണ്ട് ഗ്രേഡ് എസ്.ഐമാരും ഒരു എ.എസ്.ഐയും സസ്‌പെൻഷൻ ഏറ്റുവാങ്ങേണ്ടിവന്ന കൈക്കൂലി സംഭവം ഒറ്റപ്പെട്ടതായി കരുതാനാവില്ല. ഏറെനാളായി പൊലീസിനെ വെട്ടിച്ചുകഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് പൊലീസിനു വിവരം നൽകിയ ശ്രീധരൻ എന്ന വയോധികനിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർ യാതൊരു ഉളുപ്പുമില്ലാതെ കൈക്കൂലി വാങ്ങിയത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയോടൊപ്പം താമസിച്ചിരുന്ന സ്‌ത്രീ നൽകിയ വ്യാജ പീഡന പരാതിയിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് ഉദ്യോഗസ്ഥർ ശ്രീധരനെ കുടുക്കാൻ ശ്രമിച്ചതത്രേ. പരാതിക്കാരിയായ സ്‌ത്രീയിൽ നിന്നു കൂടി അവർ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതായും ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസ് ഒതുക്കാനും രാജിയാക്കാനും വാദിയിൽ നിന്നും പ്രതിയിൽ നിന്നും ഒരുപോലെ കൈക്കൂലി മേടിക്കുന്ന പൊലീസുകാർ ഒട്ടുമിക്ക സ്റ്റേഷനുകളിലുമുണ്ടെന്നുള്ളത് വസ്‌തുതയാണ്. അറിഞ്ഞുകൊണ്ടു പണം നൽകുന്നവരാണ് ഏറെയും. കണക്കുപറഞ്ഞ് ചോദിച്ചുവാങ്ങുന്നവർക്കും കുറവൊന്നുമില്ല. എന്നാൽ ഒളിവിൽ കഴിഞ്ഞ വാറണ്ട് പ്രതിയെ പൊലീസിനു ചൂണ്ടിക്കാട്ടി സഹായിച്ച ഒരാളെ പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്ന നികൃഷ്ട സംഭവം വളരെ അപൂർവമാണ്. പൊലീസ് സേനയ്ക്കു തന്നെ കളങ്കമുണ്ടാക്കുന്ന ഇത്തരം പൊലീസ് ഉദ്യോഗസ്ഥർ കേവലമൊരു സസ്‌പെൻഷൻ കൊണ്ട് നേർവഴിയെ സഞ്ചരിക്കുമെന്ന് കരുതാനാവില്ല. അധികാരം ഉപയോഗിച്ച് ആരെയും കുറ്റവാളികളാക്കാനുള്ള കുടിലതന്ത്രവുമായി ഉദ്യോഗം ഭരിക്കുന്നവരാണവർ. പൊലീസിൽ ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരെക്കുറിച്ച് പ്രത്യേക കണക്കെടുപ്പുതന്നെ നടന്നിട്ടുണ്ട്. ആയിരത്തോളം വരും അവരുടെ സംഖ്യ എന്നാണു കണക്ക്. പെരുവന്താനം സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നീചപ്രവൃത്തിക്കിരയായ വയോധികൻ മുണ്ടക്കയം സ്റ്റേഷനിലെ ഒരു പൊലീസുകാരന്റെ ഭാര്യാപിതാവു കൂടിയായിട്ടും വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. കൈക്കൂലിയായി ആവശ്യപ്പെട്ട 15,000 രൂപ നൽകാതിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ വിചാരണത്തടവുകാരനായി ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു എന്നു തീർച്ചയാണ്. ഏതായാലും മേലധികാരികൾ നടത്തിയ അന്വേഷണം സത്യം പുറത്തുവന്നതുകൊണ്ട് വയോധികൻ വലിയൊരു വിപത്തിൽ നിന്നു രക്ഷപ്പെട്ടിരിക്കുകയാണ്. അതേസമയം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ നൽകുമ്പോഴേ ഈ സംഭവത്തിന് നീതിപൂർവമായ പരിസമാപ്തി ആയെന്നു പറയാനാവൂ. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അവരെ സഹായിക്കാനും ചുമതലപ്പെട്ട പൊലീസ് സേനാംഗങ്ങൾ കടമ മറന്ന് നിയമത്തിനും നീതിക്കും നിരക്കാത്ത അധർമ്മ പ്രവൃത്തികളിലേർപ്പെടുന്നത് അച്ചടക്കമുള്ള ഒരു സേനയ്ക്ക് ഭൂഷണമല്ല. കർക്കശ ശിക്ഷയ്ക്ക് ഇവർ വിധേയരാകുമ്പോൾ മാത്രമേ സേനയുടെ മേൽ വന്നുപതിച്ച കളങ്കം തുടച്ചുമാറ്റപ്പെടുകയുള്ളൂ. സേനാ മേധാവികൾ അക്കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.