വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ വൻതിരക്ക്. അവധിക്കാലമായതോടെ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. ക്രിസ്മസ് ദിനത്തിലാണ് ഏറ്റവും കൂടുതൽപേർ പൊൻമുടിയുടെ സൗന്ദര്യം നുകരുവാൻ എത്തിയത്. പൊൻമുടി അപ്പർസാനിറ്റോറിയം മേഖല വാഹനങ്ങളാൽ നിറഞ്ഞു. കല്ലാർ മുതൽ പൊൻമുടി വരെ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. പൊൻമുടിയിൽ തമ്പടിച്ചാണ് യുവസംഘങ്ങൾ പുതുവത്സരപുലരി ആഘോഷിച്ചത്. പൊൻമുടി പത്താംവളവിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് വർക്കല സ്വദേശികളായ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചു. ന്യൂ ഇയർ ദിനത്തിലും ആയിരങ്ങളാണ് പൊൻമുടിയിലെത്തിയത്. സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് പൊൻമുടിയിൽ യാതൊരുക്രമീകരണവും ഒരുക്കിയിരുന്നില്ല. സഞ്ചാരികൾ ഭക്ഷണത്തിനും, വെള്ളത്തിനും ഏറെ ബുദ്ധിമുട്ടി. കല്ലാർ മീൻമുട്ടി, ബോണക്കാട്, പേപ്പാറ, വാഴ്വാൻതോൽവെള്ളച്ചാട്ടം, ചീറ്റിപ്പാറ എന്നി വിനോദസഞ്ചാരകേന്ദ്രങ്ങളിലും ആയിരങ്ങൾ എത്തി. അതേസമയം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിഉത്പന്നങ്ങൾ വൻ തോതിൽ വിറ്റഴിക്കപ്പെട്ടെങ്കിലും പൊലീസ് പരിശോധനകൾ ശക്തിപ്പെടുത്തിയിരുന്നതിനാൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

ചൂടിൽവലഞ്ഞ് സഞ്ചാരികൾ

പൊൻമുടിയിൽ നിലവിൽ കടുത്തചൂടാണ് അനുഭവപ്പെടുന്നത്. ഡിസംമ്പറിൽ മൂടൽമഞ്ഞ് വീഴ്ചയുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയായി ശക്തമായ ചൂടാണ്. സഞ്ചാരികൾ ചൂടേറ്റ് വലയുകയാണ്. അതേസമയം പൊൻമുടിയിൽ കനത്തകാറ്റ് വീഴ്ചയാണ് നിലവിൽ. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന പാണ്ടിക്കാറ്റ് ഇപ്പോഴും വീശുന്നുണ്ട്. ചിലദിവസങ്ങളിൽ മഴയുമുണ്ട്. മഴയുള്ളദിവസങ്ങളിൽ മഞ്ഞ് വീഴ്ചയുമുണ്ടാകും.അതേസമയം നദിയിൽ കുളിക്കുന്നതിന് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിയന്ത്രണം മറികടന്ന് യുവസംഘങ്ങൾ കല്ലാർ നദിയുടെ വിവിധ ഭാഗങ്ങളിൽ കുളിക്കാനിറങ്ങുന്നുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കുന്നത്.