ശിവഗിരി:ലോക സാഹിത്യത്തിൽ ഏറ്റവും വിശിഷ്ടമാണ് ഗുരുദേവ കൃതികളെന്ന് കവി പ്രഭാവർമ്മ. സർവഭൂത ഹൃദയത്വത്തിന്റെ കവിയാണ് ഗുരുദേവൻ. ഗുരുവിന്റെ കൃതികളുടെ നാനാ വശങ്ങളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യേണ്ടതാണെന്നും ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സാഹിത്യ സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കാലത്തെ അതിജീവിക്കുന്നതും എല്ലാ കാലത്തിനും അനുയോജ്യവുമായ എന്തോ സവിശേഷത ഗുരുദേവ കൃതികൾക്കുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ വായിക്കുമ്പോൾ നമ്മുടേതായ യാതൊരു ശ്രമവും കൂടാതെ അദ്ദേഹം നമ്മിലേക്ക് എത്തുകയാണ്. ഒരേ സമയം കവിയായ ഋഷിയും ഋഷിയായ കവിയുമാണ് ഗുരു.മനുഷ്യസ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നവയാണ് ഗുരുദേവ കൃതികളിലേറെയും. ഇക്കാലത്ത് ഗുരുദേവ കൃതികളുടെ പ്രസക്തി വർദ്ധിച്ചുവരുകയുമാണ്. ശാന്തിമന്ത്രത്തിന്റെ വ്യക്താക്കൾ തന്നെ വിഹ്വലത സൃഷ്ടിക്കുന്നു. കപട ആത്മീയത വർദ്ധിച്ച് വർഗ്ഗീയതയായും വർഗ്ഗീയത വർദ്ധിച്ച് ഭീകരതയായും മാറുന്നു. ഇതിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ ആപത്താണ്. മനസുകളുടെ രഞ്ജിപ്പാണ് ഇവിടെ ആവശ്യം. 'മനുഷ്യാണാം മനുഷ്യത്വം ' എന്നു തുടങ്ങുന്ന ശ്ളോകം മനസിലുറപ്പിച്ചാൽ ചോരപ്പുഴ ഒഴുകുമോ. എല്ലാ അതിരുകളെയും അതിലംഘിച്ച് ഗുരുദേവ സൂക്തങ്ങൾ ലോകമെമ്പാടും എത്തിക്കേണ്ടതുണ്ട്. ആത്മോപദേശ ശതകത്തിലെ പോലെ സവിശേഷമായ ഛന്ദസ് മറ്റൊരു കവിയും ഉപയോഗിച്ചിട്ടില്ല. ഏകാന്തര പ്രാസത്തിന് മഹാകവി കുമാരനാശാന് പ്രചോദനം കിട്ടിയത് ഗുരുവിൽ നിന്നാണ്.
മലയാളത്തിന്റെ ഏറ്രവും വലിയ മഹാകവി ശ്രീനാരായണ ഗുരുവാണ്. അദ്ദേഹത്തെ കവിഞ്ഞു നിൽക്കുന്ന മറ്രൊരു കവിയും ഇല്ലെന്നു പറയാം. 'നാവികൻ നീ ഭവാബ്ധിക്കോരാവി വൻ തോണി നിൻ പദം' എന്ന ദൈവദശകത്തിലെ വരികൾ വായിക്കുമ്പോഴറിയാം കവിത്വത്തിന്റെ മഹത്വം. ദൈവികമായ വെളിച്ചത്തിന്റെ വസ്ത്രമണിഞ്ഞു നിൽക്കുന്ന കാവ്യ വ്യക്തിത്വമാണ് ഗുരു.അതേക്കുറിച്ചുള്ള വിലയിരുത്തൽ കടലിലെ വെള്ളം പുളിയിലയാൽ കോരും പോലെയാണ്.
ഇത്രയും വലിയ മഹാകവിയുടെ ഒരു ചിത്രം കേരള സാഹിത്യ അക്കാഡമിയുടെ ഗാലറിയിൽ ഒരു സമയം വരെ ഇടം പിടിക്കാതെ പോയി. താൻ വൈസ് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ , തന്റെ കൂടി ഇടപെടലിന്റെ ഫലമായിട്ടാണ് ഗുരുദേവന്റെ ചിത്രം ഗാലറിയിൽ സ്ഥാപിക്കാൻ സാധിച്ചതെന്നും പ്രഭാവർമ്മ അനുസ്മരിച്ചു.