ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനിലെ 29 ശാഖകളിലും ശിവഗിരി തീർത്ഥാടനം വിവിധ പരിപാടികളോടെ വമ്പിച്ച വിജയമാക്കി. പോഷക സംഘടനാ ഭാരവാഹികളുടേതടക്കം ആഭിമുഖ്യത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് ശാഖ, യൂണിയൻ ആഭിമുഖ്യത്തിൽ എത്തിച്ചേർന്ന പദയാത്രികരെയും തീർത്ഥാടകരെയും ശാഖാ കേന്ദ്രങ്ങളിൽ വച്ച് ഷാൾ അണിയിച്ച് സ്ഥീകരിച്ചു. ശീതളപാനീയ വിതരണം, പാൽപ്പായസം, ലഘു ഭക്ഷണം, അന്നദാനം എന്നിവ അതത് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തി. ഗുരുദേവ ക്ഷേത്രങ്ങൾ, ഗുരു മന്ദിരങ്ങൾ, ശാഖാ മന്ദിരങ്ങൾ, ശ്രീനാരായണീയ ഭവനങ്ങൾ, പ്രധാന ജംഗ്ഷനുകൾ, സ്ഥാപനങ്ങൾ എന്നിവ പീത പതാകകളാലും വൈദ്യുതി അലങ്കാരങ്ങളാലും മോടി പിടിപ്പിച്ചു. ഗുരുദേവ ക്ഷേത്രങ്ങളും ഗുരുമന്ദിരങ്ങളും ശ്രീനാരായണീയ ഭവനങ്ങളും കേന്ദ്രീകരിച്ച് ഗുരുപൂജ, വിശേഷാൽ പൂജകൾ, ഗുരുദേവ കൃതി ആലാപനം, സമൂഹപ്രാർത്ഥന എന്നിവ നടത്തി. യൂണിയനിലെ വിവിധ ശാഖകളിൽ നിന്ന് ഗുരുദേവ ചിത്രത്താൽ അലംകൃതമായ ഫ്ലോട്ടുകളോടെയുള്ള പദയാത്രകളും വാഹന ഘോഷയാത്രകളും നടത്തി. തീർത്ഥാടനം വമ്പിച്ച വിജയമാക്കാൻ ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, വൈസ് പ്രസിഡന്റ് വി.ഷാജി തു‌ടങ്ങിയവർ നേതൃത്വം നല്കി.