കല്ലമ്പലം: പുതുവർഷ ആഘോഷത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചപ്പോൾ അഞ്ചുപേർക്ക് വെട്ടേറ്റു. കോട്ടറക്കോണം സുധിന മൻസിലിൽ നൗഫൽ (27),​സമീപവാസികളായ മുഹമ്മദ് (26),പ്രസാദ്‌ (26),ഐരമൺനില പിണറ്റുവിളാകം വീട്ടിൽ വിഗ്നേഷ് (26),മുരുക്കുംമൂട്ടിൽ വീട്ടിൽ മനു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നാവായിക്കുളം ഡീസന്റ്മുക്ക് ഐരമൺനില ശിവക്ഷേത്രത്തിനു സമീപം ഞായറാഴ്ച രാത്രി 8ഓടെയായിരുന്നു സംഭവം. ഇവർ കൂട്ടംകൂടി നിന്ന് ആഘോഷിക്കുന്നതിനിടെ സമീപവാസിയായ നാലുപേർ ശബ്ദം പരിമിതപ്പെടുത്തണമെന്ന് രണ്ടുമൂന്ന് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ചെവിക്കൊണ്ടില്ല. ഇതിൽ പ്രകോപിതരായാണ് ആയുധവുമായെത്തി ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പ്രതികൾ ഒളിവിലാണ്. കല്ലമ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കി.