ചങ്ങരംകുളം: എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ മോഷ്ടാക്കളുടെ ശല്ല്യം രൂക്ഷം. അടുത്തിടെയായി നിരവധി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കള്ളൻ കയറി. പെരുമുക്ക് മുത്തൂരിൽ ആളില്ലാത്ത വീട് കുത്തി തുറക്കുന്നത് വിദേശത്തിരുന്ന വീട്ടുടമസ്ഥൻ സി.സി.ടി.വിയിൽ കണ്ടാണ് അറിഞ്ഞത്. മുത്തൂർ വെട്ടിക്കാട്ട് വളപ്പിൽ അബുതാഹിറിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മൂന്ന് പേർ കയറിയത്. താഹിറിന്റെ ഭാര്യയും കുട്ടികളും വീട്ടിൽ ഇല്ലായിരുന്നു. വിദേശത്തുള്ള അബൂതാഹിർ സി.സി.ടി.വിയിൽ മൂന്ന് പേർ വീടിന്റെ പിറക് വശത്ത് കൂടെ വരുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരായ റഫീഖിനെ അറിയിച്ചു. റഫീഖ് വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന സി.സി.ടി.വിയുടെ ഹാഡ് ഡിസ്‌കും കൊണ്ടാണ് കടന്ന് കളഞ്ഞത്. ഏതാനും ദിവസം മുൻപാണ് കിളിയങ്കുന്ന് ഉസ്മാന്റെ വീട്ടിൽ കയറി 10000 രൂപയും കിളിയംകുന്നത്ത് ചൈതന്യ നസീഫിന്റെ വീട്ടിൽ നിന്ന് 10000 രൂപയും സ്വർണകമ്മലും ഉറങ്ങി കിടക്കുന്ന നസീഫിന്റ ഭാര്യയുടെ കഴുത്തിൽ നിന്ന് രണ്ടര പവൻ വരുന്ന മാലയും കവർന്നത്. സമാനമായ മോഷണശ്രമം മറ്റു രണ്ട് വീടുകളിലും ഉണ്ടായെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം എടപ്പാൾ ഐലക്കാട് അടച്ചിട്ട വീട് കുത്തി തുറന്ന് സ്വർണ്ണവും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ച് രക്ഷപ്പെട്ടു. മോഷ്ടാക്കൾ സി.സി.ടി.വി കേമറകളും ഹാർഡ് ഡിസ്‌കും അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്.
പ്രദേശത്ത് പലയിടത്തും വീടുകളിൽ കയറി അടക്ക മോഷ്ടിക്കുന്ന സംഘങ്ങളും വിലസി നടക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ നന്നംമുക്കിൽ നിന്ന് 15 ചാക്കോളം അടക്ക മോഷണം പോയിരുന്നു. കോക്കൂരിലും വീട്ടിൽ ഉണക്കാനിട്ട അടക്ക മോഷണം പോയിരുന്നു. ജില്ലാ അതിർത്തിയായ കൊഴിക്കര കപ്പൂർ മേഖലയിൽ നിരവധി വീടുകളിലായി ഉണക്കാനിട്ട 15 ചാക്കോളം അടക്കയും മോഷ്ടാക്കൾ കവർന്നു. ചങ്ങരംകുളം എടപ്പാൾ മേഖലയിൽ അടുത്തിടെയായി നിരവധി വ്യാപാര സ്ഥാപനങ്ങളിലും കള്ളൻ കയറി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്നു. പലയിടത്തും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ഉൾപ്പെട്ട ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് മോഷണം തുടർക്കഥ ആയതോടെ ചങ്ങരംകുളം പൊലീസ് രാത്രികാല പെട്രോളിംഗ് ഊർജിതമാക്കിയിട്ടുണ്ട്.