പുതുക്കാട് : ന്യൂ ഇയർ ഡ്രൈവിന്റെ ഭാഗമായി പുതുക്കാട് പൊലീസും ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിരോധനയിൽ അളഗപ്പനഗറിൽ നിന്ന് അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 21 ലിറ്റർ മദ്യവും, കഞ്ചാവ് ബീഡിയും പിടികൂടി. അളഗപ്പനഗർ കനാലിന് സമീപത്തെ വീട്ടുപറമ്പിൽ സഞ്ചികളിലാക്കി ഒളിപ്പിച്ചുവെച്ച അര ലിറ്ററിന്റെ 42 കുപ്പി മദ്യമാണ് ഡോഗ് സ്‌ക്വാഡ് കണ്ടെത്തിയത്.

പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. ന്യൂ ഇയർ പ്രമാണിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യമായിരുന്നു പൊലീസ് പിടികൂടിയത്. ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് പൊലീസിനെ കണ്ട് ഓടിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇയാളിൽ നിന്ന് കഞ്ചാവ് ബീഡി കണ്ടെടുത്തു. പുതുവത്സരദിനത്തിൽ പൊതുയിടത്ത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് കണ്ടെത്താനായാണ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്. ആമ്പല്ലൂർ, അളഗപ്പനഗർ, പാലിയേക്കര ടോൾ പരിസരം, പുതുക്കാട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. പുതുക്കാട് എസ്.എച്ച്.ഒ, യു.എച്ച് സുനിൽദാസ്, എസ്.ഐ കെ.എസ് സൂരജ്, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ കെ.കെ കൃഷ്ണകുമാർ, തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഇരിങ്ങാലക്കുട ഡോഗ് സ്‌ക്വാഡിലെ മിലോ, സ്റ്റെഫി എന്നീ നായകളുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്.