sunil

ശിവഗിരി ആത്മീയതയോട് ചേർന്ന് നിൽക്കുന്നതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ക‌ൃതികളെന്ന് പ്രഭാഷകനും ചിന്തകനുമായ സുനിൽ പി.ഇളയിടം പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഗുരുവിന്റെ രചനകളിലെ കാവ്യാത്മകത നമ്മുടെ സാഹിത്യ രംഗത്ത് തെളിഞ്ഞുവന്നത്. 91-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുവിന്റെ സാമൂഹിക വികാര വിചാരങ്ങളുമായി ചേർന്നു നിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകളും. യഥാർത്ഥത്തിൽ ആദ്ധ്യാത്മക അനുഭവത്തെ കാവ്യാത്മകമാക്കുക കൂടിയാണ് ഗുരു തന്റെ കവിതകളിലൂടെ ചെയ്തത്. അനുഭൂതിപരമായ മൂർത്തതകളെ മാത്രം അടിസ്ഥാനമാക്കിയായിരുന്നില്ല ഗുരു രചന നടത്തിയത്. ഗുരുവിന്റെ കാലത്തുണ്ടായിരുന്ന ആധുനികമായ കാവ്യരചനാ രീതികളും നിയോ ക്ലാസിക്കൽ രചനാരീതികളോടും വിയോജിച്ചാണ് ഗുരു കൃതികൾ രചിച്ചത്.

ഭൗതിക - ആത്മീയമെന്നോ,​ വികാര - വിചാരമെന്നോ ദ്വന്ദ്വാത്മകമായ വിഭജനയുക്തിയെ മറികടക്കുന്ന ആശയലോകം ഗുരുവിന്റെ രചനകളിൽ പ്രബലമായിരുന്നു. ഇതുവരെയുണ്ടായിരുന്ന അദ്വൈത വിചാരങ്ങളിൽ നിന്ന് ഗുരുവിനെ വ്യത്യസ്തനാക്കുന്നത് ഒരു പക്ഷേ ഇതായിരിക്കാം. പദസൂക്ഷ്മതയായിരുന്നു ഗുരുവിന്റെ രചനകളിലെ മറ്റൊരു പ്രത്യേകത. പറയുന്ന വാക്ക് അനുഭവമൂല്യമായി മാറാതിരുന്നാൽ പാണ്ഡിത്യത്തിന്റെ വാക്കായി മാറുമെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. അതിനാൽ താൻ അവതരിപ്പിക്കുന്ന വലിയ ആശയങ്ങൾ താത്വികമായ അമൂർത്തമായ കല്പനകളായി അവസാനിക്കരുതെന്നും ലോകത്തിന് കൂടി മനസിലാകുന്നതാകണമെന്നും ഗുരുദേവൻ ശഠിച്ചുവെന്നും സുനിൽ പി.ഇളയിടം ചൂണ്ടിക്കാട്ടി.

കവി പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സജയ്,​ എം.കെ.ഹരികുമാർ, ലക്ഷ്മി രാജീവ്, ഡോ.അജയൻ പനയറ എന്നിവർ സംസാരിച്ചു. സ്വാമി അവ്യയാനന്ദ സ്വാഗതവും മങ്ങാട് ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.