hi

കല്ലറ: പുതുവർഷപ്പുലരിയിൽ മുതുവിളക്കാർ കേട്ടത് ശുഭ വാർത്തയായിരുന്നില്ല. തലേദിവസം വൈകിട്ട് കടയിൽ നിന്നു പുതുവത്സരാശംസകൾ പറഞ്ഞുപോയ കൃഷ്ണൻ ആചാരിയും ഭാര്യ വസന്ത കുമാരിയും തൂങ്ങിമരിച്ചെന്ന വാർത്തയായിരുന്നു. ഇത് വിശ്വസിക്കാനേ നാട്ടുകാർക്കു കഴിയുമായിരുന്നില്ല. നാട്ടുകാർക്ക് നല്ലതു മാത്രമേ ദമ്പതികളെപ്പറ്റി പറയാനുള്ളൂ. എവിടെ പോയാലും ഒരുമിച്ച് പോകുന്ന ഇവരെ മാതൃകാ ദമ്പതിമാർ എന്നാണ് നാട്ടിലുള്ളവർ വിശേഷിപ്പിക്കുന്നത്. നിർമ്മാണ തൊഴിലാളിയായിരുന്ന കൃഷ്ണൻ ആചാരി ഒരു വർഷം മുൻപ് വരെ ജോലിക്ക് പോയിരുന്നു. രണ്ടുതവണ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നും വാർദ്ധ്യക്യത്തെ തുടർന്നും ജോലി മതിയാക്കി.സ്വന്തം റബർ വെട്ടും പാൽ എടുപ്പും ഒക്കെ ഇവർ തന്നെയായിരുന്നു. കഴിഞ്ഞ ദിവസവും ഷീറ്റ് അടിക്കാൻ വന്നിരുന്നുവെന്ന് അയൽ വാസി പറയുന്നു. സ്വന്തമായി വീടു വയ്ക്കുകയും പതിന്നാലു വർഷം മുൻപ് മകളെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. മകൻ ഏഴ് വർഷം മുമ്പ് വിവാഹം കഴിച്ചു. ഇലക്ട്രീഷ്യനായ മകനും കുടുംബവും കൃഷ്ണൻ ആചാരിക്കൊപ്പമാണ് താമസിക്കുന്നത്. പുതുവർഷ തലേന്ന് വീട്ടിന് സമീപമുള്ള കടയിൽ വൈകിട്ട് അഞ്ച് മണിവരെ കൃഷ്ണൻ ആചാരി സന്തോഷവാനായി ഉണ്ടായിരുന്നെന്ന് കട ഉടമ പറയുന്നു. ഭാര്യാവീട്ടിലായിരുന്ന മകൻ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ഇയാളാണ് വീട്ടിൽ പോയി നോക്കിയത്.