sivankutty

ശിവഗിരി: വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് മേഖലയോട് സർക്കാരിന് ചിറ്റമ്മ നയമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എയ്ഡഡ് മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ തീരുമാനം.ഇതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.എയ്ഡഡ് മേഖലയ്ക്ക് കൂടുതൽ പ്രാമുഖ്യം സർക്കാർ നൽകണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നിർദ്ദേശത്തോട് പ്രതികരിക്കുകായയിരുന്നു മന്ത്രി.

47 ലക്ഷം വിദ്യാർത്ഥികളും 1,12,000 അദ്ധ്യാപകരും എയ്ഡഡ് മേഖലയിലുണ്ട്. അതു കൊണ്ടു തന്നെ ഗൗരവത്തിലാണ് സർക്കാർ ഈ മേഖലയെ കാണുന്നത്. എന്നാൽ വിദ്യാഭ്യാസ കച്ചവടം അനുവദാക്കില്ലെന്നും ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വ്യക്തമാക്കി..എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസമാണ് സർക്കാരിന്റെ ലക്ഷ്യം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിന് അവിഭാജ്യ ഘടകമാണ്. ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം കൂടി ഉൾക്കൊണ്ടാണ് തൊഴിൽ വകുപ്പുമായി ചേർന്ന കർമചാരി പദ്ധതി ആവിഷ്കരിച്ചത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും നൽകാനുള്ള പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിച്ചു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തിരുമാവളവൻ എം.പി മുഖ്യാതിഥിയായിരുന്നു. സ്വാമി സൂക്ഷ്മാനന്ദ, എം.എൽ.എമാരായ കെ.കെ.ശൈലജ,വി.കെ.പ്രശാന്ത്, വി.ജോയി, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ളോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ സ്മിത സുന്ദരേശൻ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ഗുരുധർമ്മപ്രചരണ സഭ കേന്ദ്രകമ്മിറ്രി വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, യു.എ.ഇ അസി.കോ ഓർഡിനേറ്റർ ശ്യാംപ്രഭു, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം മുൻ ഡയറക്ടർ അഡ്വ. ടി.കെ.ശ്രീനാരായണദാസ്, വർക്കല നഗരസഭാ കൗൺസിലർ രാഖി എന്നിവർ പ്രസംഗിച്ചു.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നന്ദിയും പറഞ്ഞു.