
തിരുവനന്തപുരം: തമോഗർത്തിലെ ഉള്ളറകളറിയാൻ ഐ.എസ്.ആർ.ഒ പുതുവർഷ ദിനത്തിൽ എക്സ്പോസാറ്റ് പേടകം വിക്ഷേപിച്ച് ചരിത്രമെഴുതി. ഈ ലക്ഷ്യവുമായി ബഹിരാകാശത്തുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക മാത്രമാണ് മുന്നിലുള്ളത്.
ഇന്നലെ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി -സി 58 റോക്കറ്റ് കുതിച്ചുയർന്നു. 21 മിനിറ്റിനകം ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ മുകളിൽ എക്സ്പോസാറ്റിനെ വിക്ഷേപിച്ചു. പിന്നീട് താഴേക്ക് വന്ന് 350 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ മറ്റ് 10 ഉപഗ്രഹങ്ങൾ വിട്ടു. അതിനുശേഷം ഉപഗ്രഹഭാഗത്തെ സോളാർപാനലുകൾ വിടർന്ന് ഒരു പറക്കും പരീക്ഷണശാലയായി. ക്യാമറ വിക്ഷേപണങ്ങൾ പകർത്തി. ബഹിരാകാശത്തെ ഓർബിറ്റർ എക്സ്പെരിമെന്റൽ മൊഡ്യൂൾ- 3 ആയി പ്രവർത്തനമാരംഭിച്ചു.
ആൾട്ടിറ്റ്യൂഡ് കൺട്രോൾ ഗൈഡൻസ് സോഫ്റ്റ് വെയർ,ഫ്ളെക്സിബിൾ സോളാർ പാനൽ, 50 എ.എച്ച് ലിഥിയം അയൺ ബാറ്ററി, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവ ഒരുക്കിയാണ്
റോക്കറ്റിനെ വിക്ഷേപണത്തിനെത്തിച്ചത്. വിക്ഷേപണശേഷം സാധാരണ റോക്കറ്റിന്റെ ഇൗ ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കാറാണ് പതിവ്. മറ്റ് ഭാഗങ്ങൾ ജ്വലിച്ചു തീരും.
സൂര്യന്റെ ആയുസും പഠിക്കും
 469 കിലോഗ്രാം ഭാരമുള്ള എക്സ്പോസാറ്റിൽ പോളിക്സ്, എക്സ്പെക്ട് എന്നീ പഠന ഉപകരണങ്ങളുണ്ട്. ഇവ ഉപയോഗിച്ച് എക്സ്റേ സ്രോതസ്സുകളുടെ വിവിധ വശങ്ങൾ പഠിക്കും
 പോളിക്സ് നിർമ്മിച്ചത് ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. എക്സ്പെക്ട് നിർമ്മിച്ചത് യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലും
 ഏറ്റവും ശക്തമായ ഊർജ്ജ സ്ത്രോതസാണ് തമോഗർത്തങ്ങൾ എന്നറിയപ്പെടുന്ന ബ്ളാക്ക് ഹോളുകൾ. പ്രകാശത്തെപ്പോലും ഉള്ളിലേക്ക് വലിച്ചെടുക്കും
 കാലക്രമേണ മാറ്റങ്ങൾ സംഭവിച്ച് തമോഗർത്തങ്ങളായി മാറുമ്പോഴാണ് നക്ഷത്രങ്ങളുടെ ആയുസ്സ് അവസാനിക്കുന്നത്
 സൂര്യന്റെ ആയുസ്സ് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭ്യമാക്കുന്നതിന്റെ പ്രാഥമിക ചുവടുകൂടിയാണ് എക്സ്പോസാറ്റിന്റെ പഠനങ്ങൾ
 ന്യൂട്രോൺ നക്ഷത്രങ്ങൾ, നെബുലകൾ,പൾസറുകൾ എന്നിവയുടെ രഹസ്യങ്ങളും എക്സ്പോസാറ്റ് തേടും. അഞ്ചു വർഷമാണ് കാലയളവ്
 മിന്നിത്തിളങ്ങി പെൺ പേടകം
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ നിർമ്മിച്ച വി- സാറ്റ് ഉപഗ്രഹത്തെയും പി.എസ്.എൽ.വി ബഹിരാകാശത്തെത്തിച്ചു. അൾട്രാ വയലറ്റ് രശ്മികൾ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് വി-സാറ്റ് പഠിക്കുക. വി.എസ്.എസ്.സിയും എൽ.പി.എസ്.സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റം ഉൾപ്പെടെ 9 ചെറുഉപഗ്രഹങ്ങളും ഇന്നലെ വിക്ഷേപിച്ചു.
 പി.എസ്.എൽ.വിക്ക് 60-ാം വിക്ഷേപണം
ഐ.എസ്.ആർ.ഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണറോക്കറ്റായ പി.എസ്.എൽ.വിയുടെ അറുപതാമത്തെ വിക്ഷേപണം. 2019ൽ പുറത്തിറക്കിയ ഡി.എൽ.പതിപ്പാണ് ഇന്നലെ ഉപയോഗിച്ചത്. 1993 സെപ്തംബറിലാണ് പി.എസ്.എൽ.വി ആദ്യം കുതിച്ചുയർന്നത് . 30 വർഷത്തിനിടെ 345 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. പരാജയപ്പെട്ടത് രണ്ടുതവണ മാത്രം.