
നെയ്യാറ്റിൻകര: വിഴിഞ്ഞം ഹാർബർ പഠാണി കോളനിയിൽ പീരുമുഹമ്മദിനെ തടി പട്ടിക കൊണ്ട് ദേഹമാസകലം അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിഴിഞ്ഞം ഹാർബർ റോഡിൽ താഴെ വീട്ടുവിളാകം വീട്ടിൽ ഇസഹാക്കിനെ (53) ജീവപര്യന്തം കഠിനതടവിനും 1,10,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വധിച്ചു.
നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി കെ.വിദ്യാധരന്റേതാണ് വിധി. 2018 ജനുവരി 9നായിരുന്നു കേസിനാസ്പദമായ സംഭവം. പീരുമുഹമ്മദ് നിരന്തരം മദ്യപിച്ച് വന്ന് ഇസഹാക്കിനെ അസഭ്യം വിളിക്കുന്നതിലുള്ള വിരോധത്തിൽ സംഭവദിവസം രാത്രിയിൽ ഊണ് കഴിച്ച ശേഷം ഹാർബർ റോഡ് മുഹിയുദ്ദീൻ പള്ളിക്ക് സമീപമുള്ള റോഡിലെത്തിയ പീരുമുഹമ്മദിനെ ഇസഹാക്ക് ആക്രമിക്കുകയായിരുന്നു.
തടിയിലുള്ള പട്ടിക കൊണ്ടുള്ള അടിയും ചവിട്ടുമേറ്റ പീരുമുഹമ്മദിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ 11ന് പീരുമുഹമ്മദ് മരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ,അഡ്വ.ഗോപിക എന്നിവർ ഹാജരായി.