തിരുവനന്തപുരം: അജൈവ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ കർശനമാക്കാൻ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ഏകോപന സമിതി യോഗത്തിൽ തീരുമാനമായി. മാലിന്യ മുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി ഹരിതകർമ്മസേന മുഖേനയുള്ള മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്‌തു.
മാറനല്ലൂർ,കിഴുവിലം,മാണിക്കൽ,ഒറ്റശേഖരമംഗലം,ഇടവ,കല്ലിയൂർ,കിളിമാനൂർ,ചെമ്മരുതി,പുല്ലമ്പാറ,ഒറ്റൂർ,ഉഴമലയ്ക്കൽ,വെള്ളനാട്, കള്ളിക്കാട്,പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിൽ ഹരിതകർമ്മ സേന മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി യോഗം വിലയിരുത്തി. ഹരിതകർമ്മസേനയുടെ പ്രവർത്തനം 50 ശതമാനത്തിൽ കുറവായ അഞ്ചുതെങ്ങ്,അതിയന്നൂർ,കരകുളം, നെല്ലനാട്,പഴയകുന്നുമ്മൽ,നാവായിക്കുളം പഞ്ചായത്തുകളിൽ വീടുകളിൽ സന്ദർശനം,ഫ്ളാഷ് മോബ് ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ഹരിതകർമ്മ സേന വിപുലീകരിക്കും
വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തിൽ 31 തദ്ദേശസ്ഥാപനങ്ങളിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം 50 ശതമാനത്തിൽ താഴെയാണ്. ഹരിത കർമ്മസേനയുമായി സഹകരിക്കാത്ത കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും യൂസർ ഫീ ശേഖരിക്കുന്നതിനും ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീ പെന്റിംഗുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും വസ്‌തു നികുതി നോട്ടീസിനൊപ്പം യൂസർഫീ പെന്റിംഗ് കൂടി കാണിച്ച് നോട്ടീസ് നൽകുന്നതിനും തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് മിനി എം.സി.എഫ് സജ്ജീകരിക്കുന്നതിന് വകുപ്പുകളോട് നിർദ്ദേശിക്കും.
ഓഫീസുകൾക്ക് പിടിവീഴും
മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ഓഫീസുകളെ കണ്ടെത്തുന്നതിന് വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനും മാലിന്യക്കൂനകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രധാനയിടങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനും ബിന്നുകൾ സ്ഥാപിക്കുന്നതിനും തദ്ദേശഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ജില്ലാ വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിശോധിച്ച് ഗ്രേഡിംഗ് ചെയ്യുന്ന പ്രവൃത്തി ജനുവരി മൂന്നോടെ പൂർത്തീകരിക്കും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിക്കാനും തീരുമാനിച്ചു.