നെയ്യാറ്റിൻകര: നവവത്സര ദിനത്തിൽ നെയ്യാറ്റിൻകര ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഗവി - വാഗമൺ യാത്ര കഴിഞ്ഞ് തിരികെ വരവേ ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരന് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ.
ഇന്നലെ രാത്രി 10ന് പത്തനംതിട്ടയ്ക്ക് സമീപം വച്ച് കുമാരപുരം സ്വദേശി രജനീകാന്താണ് (56) ബസിൽ കുഴഞ്ഞ് വീണത്. നന്നായി വിയർത്ത് അവശനായ രജനീകാന്തിന്റെ അവസ്ഥ ബി.ടി.സി കോഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് ഉടൻ ഡ്രൈവർ എസ്.എസ്.സാബുവിനെ അറിയിച്ചു. തുടർന്ന് പൊലീസിനെയും സമീപത്തെ ആശുപത്രി അധികൃതരെയും കെ.എസ്.ആർ.ടി.സി അധികാരികളെയും അറിയിച്ചു. റോഡിലെ നവവത്സര തിരക്കുകൾക്കിടയിൽ ബസ് ഉച്ചത്തിൽ ഹോൺ മുഴക്കി പെട്ടെന്ന് പത്തനംതിട്ട ജില്ലാശുപത്രിയിലെത്തുകയായിരുന്നു. ബസിന് സുഗമമായ പാതയൊരുക്കി പൊലീസും ഒപ്പം നിന്നു. ബി.ടി.സി പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ സന്തോഷ് ചികിത്സയ്ക്കുള്ള സൗകര്യങ്ങളുറപ്പാക്കിയിരുന്നു.പ്രാഥമിക ചികിത്സയും 2 മണിക്കൂർ നിരീക്ഷണത്തിനു ശേഷം സഹയാത്രികർക്കും കുടുംബത്തിനുമൊപ്പം രജനീകാന്ത് തലസ്ഥാനത്തേക്ക് തിരിച്ചു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററാണ് എൻ.കെ. രഞ്ജിത്ത്, പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവറാണ് എസ്.എസ്.സാബു. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് ഇരുവരും നെയ്യാറ്റിൻകര ഡിപ്പോയുടെ ഉല്ലാസയാത്രയുടെ ഏകോപനം നിർവഹിച്ചത്. ജീവനക്കാരെ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ,ബി.ടി.സി ജനറൽ മാനേജർ സെരിൻ സെബാസ്റ്റ്യൻ, സൗത്ത് സോൺ എക്സി.ഡയറക്ടർ ജി.അനിൽകുമാർ,ബി.ടി.സി ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാംലോപ്പസ് എന്നിവർ അഭിനന്ദിച്ചു.