തിരുവനന്തപുരം: 15 മുതൽ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ രസതന്ത്രത്തിന് നൊബേൽ സമ്മാനം ലഭിച്ച പ്രൊഫ. മോർട്ടൺ.പി.മെൽഡൽ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ എത്തും. ഫെബ്രുവരി ഏഴിന് രാവിലെ 11ന് നടക്കുന്ന പബ്ലിക് ടോക്കിലാണ് മോർട്ടൺ.പി.മെൽഡൽ പങ്കെടുക്കുക. 16ന് വൈകിട്ട് 5ന് നടക്കുന്ന ഡി.കൃഷ്ണ വാര്യർ മെമ്മോറിയൽ ലക്ചറിൽ നാസയിൽ നിന്നുള്ള ആസ്‌ട്രോഫിസിസിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത സംസാരിക്കും.നാസയുടെ ഹീലിയോഫിസിക്‌സ് സയൻസ് ഡിവിഷനിലെ സയന്റിസ്റ്റാണ് ഡോ.മധുലിക ഗുഹാത്തകുർത്ത,നാസയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഔട്ട്‌റീച്ച് വിഭാഗം മേധാവി ഡെനീസ് ഹിൽ പങ്കെടുക്കുന്ന ഏകദിന വർക്‌ഷോപ് ഫെബ്രുവരി 13ന് നടക്കും.ജനുവരി 17ന് പബ്ലിക് ലക്ചറിൽ മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബർട്ട് പോട്ട്‌സ് പങ്കെടുക്കും. 18ന് വൈകിട്ട് അഞ്ചിനു നടക്കുന്ന പബ്ലിക് ടോക്കിൽ കനിമൊഴി എം.പി പോയട്രി ഒഫ് സയൻസ് എന്ന വിഷയത്തിൽ സംസാരിക്കും. ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ആർട്ട് വിഭാഗം മേധാവി പ്രൊഫ. മൈക്കൽ വിൽസൺ 22ന് വൈകിട്ട് 5ന് നടക്കുന്ന പബ്ലിക് ടോക്കിൽ സംസാരിക്കും. മാഗ്‌സസേ അവാർഡ് ജേതാവ് ഡോ. രാജേന്ദ്ര സിംഗ്, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മാലിനി.വി.ശങ്കർ തുടങ്ങിയ പ്രമുഖരുടെ പ്രഭാഷണങ്ങൾ വിവിധ ദിവസങ്ങളിലായി ഉണ്ടാകും.