ksrtc

നെടുമങ്ങാട് : രാത്രി പത്ത് മണിക്കുശേഷം ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ഇറക്കുമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ, കന്യാകുളങ്ങര സ്റ്റോപ്പിൽ ഇറങ്ങേണ്ട യാത്രക്കാരിയെ വെമ്പായത്ത് ഇറക്കിവിട്ട് കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ തന്നിഷ്ടം.

വനിത,ശിശു ക്ഷേമ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ നെടുവേലി എസ്.ആർ ഭവനിൽ വി.എൽ.അനീഷയ്ക്കാണ് ദുരനുഭവം. കഴിഞ്ഞ 28 ന് എറണാകുളത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് പോയി മടങ്ങിയ അനീഷ, തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ നിന്ന് രാത്രി 10 ന് പുറപ്പെട്ട തിരുവല്ല ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് ബസിൽ വീട്ടിലേയ്ക്ക് വരുമ്പോഴാണ് സംഭവം.

സൂപ്പർ ഫാസ്റ്റ് ബസുകളുടെ സ്റ്റോപ്പിൽ മാത്രമേ നിറുത്താൻ കഴിയുവെന്നും ബസിൽ കയറുന്നതിന് മുമ്പ് ചോദിക്കണമായിരുന്നുവെന്നും കണ്ടക്ടർ ക്ഷോഭിച്ചു. സർക്കാർ ഉത്തരവ് ശദ്ധയിൽപ്പെടുത്തിയപ്പോൾ അവർക്കതൊക്കെ പറയാം എന്നായിരുന്നു മറുപടി.

ടിക്കറ്റിന്റെ പകർപ്പ് സഹിതം കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണ ബോധവത്കരണ പ്രവർത്തകയും പ്രഭാഷകയുമായ അനീഷ, വെമ്പായം മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.ആർ.വിജയന്റെ മകളാണ്.