
തിരുവനന്തപുരം: ത്രീ.. ടൂ..വൻ..സീറോ... ആവേശത്തോടെ അവർ തുള്ളിച്ചാടി. ശ്രീഹരിക്കോട്ടയിൽ നിന്ന് വീ-സാറ്റ് ഉപഗ്രഹം പറന്നുയർന്നപ്പോൾ സഫലമായത് പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിലെ 150 പെൺകുട്ടികളുടെ അഞ്ചുവർഷത്തെ സ്വപ്നം.
ഇന്നലെ വിക്ഷേപണത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ കോളജിലെ 40ലേറെ വിദ്യാർത്ഥികളും അധ്യാപിക ലിസി എബ്രഹാമും സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തി. അറുപത് സെക്കൻ്റ് കൗണ്ട് ഡൗൺ. കൃത്യം 9.10ന് ഉപഗ്രഹം കുതിച്ചു. ഒന്നരക്കിലോ മാത്രമാണ് വീ-സാറ്റിന്റെ ഭാരം. ഭൗമോപരിതലത്തിൽ നിന്ന് 350 കിലോമീറ്റർ ഉയരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് ലക്ഷ്യം.
ഉയർന്ന് അല്പ സമയത്തിനകം സിഗ്നൽ ലഭിച്ചു തുടങ്ങി. പി.എസ്.എൽ.വി സി 58 ദൗത്യത്തിൽ ആദ്യം സിഗ്നൽ ലഭിച്ചതും വീ സാറ്റിന് ആയിരുന്നു. ഓസോൺ പാളികളിൽ തട്ടി എത്ര യു.വി രശ്മികൾ ബഹിരാകാശത്തേക്ക് തിരിച്ച് പോകുന്നുണ്ടെന്നും വീസാറ്റ് കണ്ടെത്തും. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഗവേഷണങ്ങൾക്ക് ഇത് സഹായിക്കും. ആറുമാസം വി-സാറ്റ് ബഹിരാകാശത്ത് തുടരും.
ന്യൂ ഇയർ സമ്മാനം
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് വിക്ഷേപണത്തിന് ശേഷമുള്ള സന്ദേശത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി വീ-സാറ്റിനെ വിശേഷിപ്പിച്ചു. കോളേജിൽ വിക്ഷേപണം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ക്യാമ്പസ്സിൽ ഉത്സവ പ്രതീതിയായിരുന്നു. ഏറ്റവും മികച്ച പുതുവത്സര സമ്മാനം ആണ് വീസാറ്റ് വിജയമെന്ന് വിദ്യാർത്ഥികൾ കേരളകൗമുദിയോട്പറഞ്ഞു.