
ശിവഗിരി: മനുഷ്യനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനാരായണ ഗുരുദേവൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.കാലാനുസൃതമായി ഉരുത്തിരിയുന്ന ആശയങ്ങൾ സംവദിക്കാനാണ് വിദ്യാഭ്യാസം തീർത്ഥാടന വിഷയങ്ങളിൽ ഗുരു ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ സ്വാഗതം പറയുകയായിരുന്നു സ്വാമി ശുഭാംഗാനന്ദ.
ഗുരുവിന്റെ മാനവ ദർശനം ഹൃദയം കൊണ്ട് ഉൾക്കൊള്ളാനാവണം. എങ്കിലേ സമന്വയത്തിന്റെ പാതയിലൂടെ നീങ്ങാനാവൂ. അറിവിനെ തിരിച്ചറിവിലേക്ക് നയിക്കുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. വിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.