ശംഖുംമുഖം: ബൈപാസിൽ പുതുവർഷ രാത്രിയിൽ ബൈക്കുകൾ തമ്മിൽ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. പാച്ചല്ലൂർ പാറവിളാകം അക്ബർ ഹൗസിൽ സെയ്യദലി (22), വർക്കല വെട്ടൂർ മുനിക്കുന്ന് സ്വദേശിയും ഇപ്പോൾ പൂജപ്പുര ലങ്കറോഡിൽ താമസിക്കുന്നയാളുമായ ഷിബിൻ (25)എന്നിവരാണ് മരിച്ചത്. ഇവർക്ക് മുന്നിലായി മറ്റൊരു ബൈക്കിൽപോയ സുഹൃത്ത് ബൈക്കുകളുടെ ഓട്ടം ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഞായർ രാത്രി 12 ഓടെ ഈഞ്ചയ്ക്കലിൽ നിന്നു ബൈപാസിലൂടെ തിരുവല്ലം ഭാഗത്തേക്ക് രണ്ടു ബൈക്കുകളിലായി സഞ്ചരിക്കുന്നതിനിടെ സെയ്യദലി ഓടിച്ചിരുന്ന ബൈക്ക് കല്ലുംമൂട് പാലത്ത് മുകളിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. നടുറോഡിൽ തെറിച്ചുവീണ ബൈക്കിൽ പിന്നാലെ വന്ന ഷിബിൻ ഓടിച്ച ബൈക്ക് ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പുതുവർഷ ആഘോഷത്തിനായി ബൈക്കുകളിൽ എത്തിയ യുവാക്കൾ ഈഞ്ചയ്ക്കലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ശേഷം കോവളത്തേക്ക് പോകുകയായിരുന്നുവെന്നും മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
ഫോർട്ട് പൊലീസ് കേസെടുത്ത് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് കൈമാറി.സെയ്യദലിയുടെ മൃതദേഹം പാച്ചല്ലൂർ മുസ്ളിം ജമാഅത്ത് പള്ളിയിൽ കബറടക്കി.ഷിബിന്റെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. പരേതനായ ബഷീർ ആണ് സെയ്യദലിയുടെ പിതാവ്. മാതാവ്.റഷീദ,സഹോദരങ്ങൾ: മൂബീന,റൂഷിന ബഷീർ,സുഹാന ബഷീർ. പരേതനായ മണിലാലാണ് ഷിബിന്റെ പിതാവ്. ഷീബയാണ് മാതാവ്. സഹോദരി. ഷിജി.