
തിരുവനന്തപുരം : സേവനങ്ങൾ യഥാസമയം ലഭിക്കാതെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ നഴ്സുമാർക്കും നഴ്സിംഗ് വിദ്യാർത്ഥികൾക്കും ആശ്വാസം. ഒന്നര വർഷത്തിന് ശേഷം കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ (കെ.എൻ.എം.സി) രജിസ്ട്രാറെ നിയമിച്ച് സർക്കാർ ഉത്തരവായി.
തിരുവനന്തപുരം തിരുമല സ്വദേശിനി ഡോ.സോന.പി.എസാണ് പുതിയ രജിസ്ട്രാർ. അടുത്ത ആഴ്ചയോടെ ചുമതലയേൽക്കുമെന്നാണ് വിവരം. നഴ്സിംഗ് പഠനം പൂർത്തിയാക്കിവരുടെ രജിസ്ട്രേഷൻ, പഴയ രജിസ്ട്രേഷൻ പുതുക്കൽ,പുതിയ കോളേജുകളുടെ അഫിലിയേഷൻ, കോളേജുകൾക്ക് വാർഷിക പദ്ധതികളുടെ അനുമതി നൽകൽ തുടങ്ങിയ പ്രശ്‌നങ്ങളും രജിസ്ട്രാർ ഇല്ലാത്തതിനാൽ കൗൺസിലിനെ പ്രതിസന്ധിയിലാക്കിയിരുന്നു.വിദേശത്ത് ജോലി ചെയ്യുന്നവരുൾപ്പടെ രജിസ്ട്രേഷനായി അപേക്ഷിച്ച് ഫീസടച്ച് കാത്തിരുന്നാലും സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്ഥിതിയായിരുന്നു.
ദിവസേന നൂറുകണക്കിന് പേരാണ് രജിസ്ട്രേഷൻ ആവശ്യത്തിനായി കൗൺസിലിൽ എത്തിഹ മടങ്ങുന്നത്. രജിസ്ട്രാറാകാൻ പ്രൊഫസർ തസ്തികയിലുള്ളവരുടെ കുറവായിരുന്നു നിയമനം നീളാൻ കാരണം. നാല് ലക്ഷത്തോളം നഴ്സുമാരാണ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.അഞ്ചു വർഷം കൂടുമ്പോൾ രജിസ്ട്രേഷൻ പുതുക്കണം. ഇതു കൂടാതെ 10,000ലധികം നഴ്സുമാർ പ്രതിവർഷം സംസ്ഥാനത്ത് പഠിച്ചിറങ്ങുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി 8000ലധികം പേരുമെത്തും ഇവർക്ക് ജോലിയിൽ പ്രവേശിക്കണമെങ്കിൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് വേണം. സംസ്ഥാനത്ത് സർക്കാർ ,സ്വകാര്യ മേഖലയിൽ 138 നഴ്സിംഗ് കോളേജുകളാണുള്ളത്.
39പേർ വേണ്ടിടത് 19
കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റെ സുഗമമായ പ്രവർത്തനത്തിന് 39ജീവനക്കാർ വേണമെന്ന് 2019ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് റിപ്പോർട്ട് നൽകി. എന്നാൽ നിലവിൽ 19 പേർമാത്രമാണുള്ളത്. ഇതിൽ 16പേരും താത്കാലികക്കാരാണ്.സ്ഥിരം തസ്തികയായ മൂന്നെണ്ണം ഡെപ്യൂട്ടേഷനും.