തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി തിരുവനന്തപുരം നഗരസഭയിൽ ആരംഭിച്ചു. ഒന്നാംഘട്ടമായി 500ഓളം സർക്കാർ സ്ഥാപനങ്ങളിൽ സൗരോർജ പ്ലാന്റുകൾ സജ്ജമാക്കി. സമ്പൂർണ സൗരവത്കരണത്തിന്റെ ഭാഗമായി 100 എം.ഡബ്ലിയു സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രയോജനം 25,000 ഗുണഭോക്താക്കൾക്ക് ലഭ്യമാകും.
തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40 ശതമാനം വരെ സബ്സിഡി ലഭിക്കും. പദ്ധതിക്കായി വിവിധ ബാങ്കുകൾ ആകർഷകമായ പലിശ നിരക്കിൽ വായ്‌പാപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ലോണെടുക്കുന്ന ഉപഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ അനെർട്ട് വഴി അഞ്ചുശതമാനം വരെ പലിശയിളവും നൽകും. രണ്ട് കിലോവാട്ട് മുതൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനാണ് സബ്സിഡി നൽകുക. ഫ്ലാറ്റുകൾ പോലുള്ള ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്സിഡിയിൽ സ്ഥാപിക്കാനുള്ള അനുമതിയുണ്ട്.
ഗുണഭോക്താക്കളെ കണ്ടെത്താനും പൊതുജനങ്ങളുടെ സംശയനിവാരണത്തിനും ലാ കോളേജ് റോഡിലുള്ള അനെർട്ടിന്റെ കേന്ദ്ര കാര്യാലയത്തിൽ 3 മുതൽ 10 വരെ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. വിശദാംശങ്ങൾക്ക് www.buymysun.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 1800-425-1803 എന്ന ടോൾ ഫ്രീ നമ്പറിലോ 9188119415 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടണം.