
ശിവഗിരി: കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ തത്വമസി എന്ന ആശയം വളരെ ലളിതമായ രീതിയിൽ സമൂഹത്തിന് കാട്ടിക്കൊടുത്ത സന്യാസിവര്യനായിരുന്നു ശ്രീനാരായണ ഗുരുവെന്നും മറ്റ് സന്യാസിമാരിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിച്ച ഗുരുവിനെ വിപ്ലവകാരിയായി കാണണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പറഞ്ഞു. 91ാം ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സന്യാസി പരമ്പരയിലെ അന്നോളമുളള എല്ലാ കെട്ടുപാടുകളെയും ചോദ്യംഹചെയ്ത് ജീവിച്ച ധീരനായ ദാർശനികനെയാണ് കണ്ണാടി പ്രതിഷ്ഠ നടത്തിയതിലൂടെ ലോകം കണ്ടത്. മനുഷ്യനെ അടുത്തറിഞ്ഞതിലുടെയാണ് അദ്ദേഹത്തിന് മനുഷ്യന്റെ ഭാഷയിൽ കൃതികൾ രചിക്കാൻ സാധിച്ചത്. സന്യാസി വേഷധാരികൾ ഇന്ന് പാർലമെന്റിൽ വരെ എത്തി നിൽക്കുന്നു. അവിടെ മുദ്രാവാക്യം വിളിക്കാനും കൂകി ഇരുത്താനും സന്യാസ വേഷത്തെ മറയാക്കുകയാണ്. ആർത്തിയെ മതമാക്കി മാറ്റുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഇവിടെ പണത്തെ ദൈവമായി പ്രതിഷ്ഠിക്കുന്നു. കമ്പോളത്തെ ദേവാലയമാക്കുന്നു. വിശ്വാസങ്ങളെ അടിമപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാർലമെന്റിന്റെ ശിലാസ്ഥാപന ചടങ്ങിൽ സന്യാസിമാരെക്കാൾ പ്രാധാന്യം പ്രധാനമന്ത്രിക്കാണ്
ലഭിച്ചത്. പാർലമെന്റിന്റെ ഉദ്ഘാടന വേളയിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെയാണ് യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കാതെ മനുഷ്യനുവേണ്ടി പ്രവർത്തിച്ച ശ്രീനാരായണ ഗുരു വ്യത്യസ്തനാകുന്നത്. അതിനാലാണ് അദ്ദേഹം ഇന്നും നമ്മുടെയൊക്കെ മനസുകളിൽ നിറഞ്ഞ് നിൽക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.