നെടുമങ്ങാട് : നവകേരള സദസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. തത്തൻകോട് കുഴിവിള വീട്ടിൽ ജി.മണികണ്ഠനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയിൽ വെട്ടറ്റ മണികണ്ഠൻ ജില്ലാ ആശുപത്രിയിൽ ചികത്സയിലാണ്. 31ന് രാത്രി ഏഴരയോടെ രണ്ടു ബൈക്കുകളിലായി വീട്ടിലെത്തിയ നാലംഗസംഘം നെടുമങ്ങാട് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ തങ്ങളെ അയച്ചതാണെന്നും നവകേരള സദസിൽ പരാതി നൽകുമോയെന്നും ചോദിച്ചു വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് മണികണ്ഠൻ മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ പരാതിയിൽ പറയുന്നു.തടയാൻ ശ്രമിച്ച ഭാര്യയെയും മക്കളെയും മർദ്ദിച്ചതായും പരാതിയിലുണ്ട്.ഏതാനും മാസം മുമ്പ്,പഴകുറ്റിയിൽ ഒരു മരം മുറിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച പൊലീസുകാരനെതിരെ പരാതിപ്പെട്ടതിനാണ് വീട് കയറി ആക്രമിച്ചതെന്നും മണികണ്ഠൻ പറയുന്നു.എൻ.സി.പി ആനാട് മണ്ഡലം പ്രസിഡന്റാണ് മണികണ്ഠൻ.ഇതേസമയം, മരംമുറിയുമായി ബന്ധപ്പെട്ട് മണികണ്ഠനെതിരെ കേസ് നിലവിലുണ്ടെന്നും ഇയാൾക്കെതിരെ ആൾമാറാട്ടം ഉൾപ്പടെ പരാതിയുണ്ടെന്നും നെടുമങ്ങാട് സി.ഐ ശ്രീകുമാരൻ നായർ പറഞ്ഞു.