
വിഴിഞ്ഞം: പുതുവത്സാരാഘോഷത്തിന് വിഴിഞ്ഞത്തെത്തി ഒടുവിൽ അനൗൺസർമാരായി വിദേശികൾ.കോവളത്ത് നടന്ന പുതുവത്സരാഘോഷങ്ങളുടെ സുരക്ഷയുടെ ഭാഗമായി ഒരുക്കിയ കൺട്രോൾ റൂമിൽ നിന്ന് മൈക്കിലൂടെയുള്ള അനൗൺസ്‌മെന്റ് കേട്ട് കൗതുക പൂർവം നോക്കി നിന്ന വിദേശികളോട് അനൗൺസ് ചെയ്യുന്നോ എന്ന് ഫോർട്ട് എ.സി ഷാജിയുടെ ചോദ്യം. താല്പര്യപൂർവം മുന്നോട്ടു വന്ന കൊളംബിയൻ സ്വദേശിനി ചോൺ മോർലിയോ (45) ലിത്വനിയ നിന്നുമുള്ള ജിജി വാത്മീകി (62) എന്നിവർ സുരക്ഷാവിവരങ്ങൾ ചോദിച്ചറിഞ്ഞു. എഴുതിയെടുത്ത ശേഷം സ്പാനിഷിലും റഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും മൊഴിമാറ്റി അനൗൺസ് ചെയ്തു.
കൺട്രോൾ റൂമിൽ നിന്ന് റിട്ട.എസ്.ഐ അനിൽ കുമാറിന്റെ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള അനൗൺസ് കേട്ടിരുന്നപ്പോൾ സ്വന്തം രാജ്യക്കാർക്കും സുരക്ഷ വേണമെന്ന ആഗ്രഹത്തിലാണ് ക്ഷണം സ്വീകരിച്ചതെന്ന് ഇവർ പറഞ്ഞു. അനൗൺസിനിടയ്ക്ക് ഇരുവരും തീരത്ത് ചുറ്റിക്കറങ്ങിയ ശേഷം ഓരോ അരമണിക്കൂർ ഇടവിട്ട് മൈക്ക് പോയിന്റിലെത്തി അവരുടെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു.