
കോവളം: സ്ത്രീധന പീഡനത്തെ തുടർന്ന് തിരുവല്ലത്ത് ഷഹ്ന എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത തിരുവല്ലം പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷനിലേക്കുള്ള റോഡിൽ വച്ച് പൊലീസ് തടഞ്ഞു. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഗായത്രി വി.നായരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംസ്ഥാന സെക്രട്ടറി ഓമന,ജില്ലാ സെക്രട്ടറിമാരായ തിരുവല്ലം സിമി,അനിത കുടപ്പനക്കുന്ന്,ഷീജ,കരമന ബ്ളോക്ക് പ്രസിഡന്റ് സന്ധ്യ,ബീന,കോൺഗ്രസ് കരമന ബ്ളോക്ക് പ്രസിഡന്റ് എം.എസ്.നസീർ,തിരുവല്ലം മണ്ഡലം പ്രസിഡന്റ് കൃഷ്ണവേണി,ഡി.സി.സി സെക്രട്ടറി പനത്തുറ പുരുഷോത്തമൻ,വാഴമുട്ടം കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.