ksmart

തിരുവനന്തപുരം: കണ്ണൂരിൽ തന്റെ കോലം കത്തിച്ച എസ്.എഫ്.ഐക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

'അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്. എന്റെ കോലം മാത്രമാണ് കത്തിച്ചത്. അവർ എത്രയോ പേരെ കൊന്ന് കത്തിച്ചിട്ടുണ്ട്. എത്രയോ പേരെ കണ്ണൂരിലും മറ്റുമായി കൊന്നിട്ടുണ്ട്. അവർ എന്റെ കോലം കത്തിക്കുമ്പോൾ ഞാനെന്ത് പറയാനാണ്. ക്രമസമാധാനം എന്റെ ഉത്തരവാദിത്തമല്ല'-തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചവരാണ് ഉത്തരവാദികൾ. പ്രതിഷേധിച്ച ആളുകളല്ല ഇത് ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി തന്നെയാണ് സമരക്കാരെ പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഇത് സ്‌പോൺസർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് നടക്കില്ല. അവർ എന്നെ ലക്ഷ്യംവയ്ക്കുകയാണ് ഗവർണർ പറഞ്ഞു.

ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

 വീണ്ടും കരിങ്കൊടി

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർക്ക് നേരെ വീണ്ടും എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചു.വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ ചാക്ക, കണ്ണാശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ വച്ചാണ് കരിങ്കൊടി കാണിച്ചത്. പേട്ട,കന്റോൺമെന്റ് സ്റ്റേഷനുകളിലായി പത്തു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.കെ ആദർഷ്, പ്രസിഡന്റ് എം.എ നന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജയ്, അശ്വിൻ, സഞ്ജയ്‌, അർജുൻ, രേവന്ത്, അഭിജിത്ത്, ജിഷ്ണു, അൽ ആമീൻ എന്നിവരെ അറസ്റ്റ് ചെയ്തത്.ചാക്ക ജംഗ്ഷനിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ ബാനറും സ്ഥാപിച്ചു.