തിരുവനന്തപുരം: തിരുവല്ലം സ്വദേശി ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോർത്തി രക്ഷപ്പെടാൻ സഹായിച്ചതിന് ബന്ധുവായ പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്‌ക്കൽ സ്റ്റേഷനിലെ സി.പി.ഒ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി.
തിരുവല്ലം വാറുവിള പുത്തൻവീട് ഷഹ്ന മൻസിലിൽ ഷാജഹാൻ സുൽഫത്ത് ദമ്പതിമാരുടെ മകൾ ഷഹ്നയുടെ (23) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ വിവരങ്ങൾ ഭർതൃവീട്ടുകാർക്ക് ചോർത്തി നൽകിയെന്നാണ് ആരോപണം. ഷഹ്നയുടെ ഭർത്താവ് നൗഫലിന്റെ ബന്ധുവാണ് പൊലീസുകാരനായ നവാസ്. സ്ത്രീധനം സംബന്ധിച്ച് ഷഹ്ന ഭർതൃവീട്ടിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിട്ടിരുന്നു. കഴിഞ്ഞ 26ന് വൈകിട്ട് ഷഹ്ന തൂങ്ങിമരിച്ചതിന് പിന്നാലെ പ്രതികളായ ഭർത്താവ് നൗഫലും മാതാവ് സുനിതയും കാറിൽ രക്ഷപ്പെട്ടു.
മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ കടയ്‌ക്കലുള്ള ബന്ധുവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. പിടികൂടാൻ കടയ്ക്കൽ പൊലീസിന്റെ സഹായം തേടി മൊബൈൽ ലൊക്കേഷനും നൽകി. പക്ഷേ സ്റ്റേഷനിലുണ്ടായിരുന്ന നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളോട് ആവശ്യപ്പെട്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംസ്ഥാനം വിട്ട പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ല. തിരുവല്ലം സി.ഐ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.