തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച 474.5 കോടി രൂപയുടെ പാക്കേജ് നടപ്പാക്കില്ലെന്ന സൂചനയുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ). പാക്കേജ് നടപ്പാക്കണമെന്ന് കോൺഗ്രസ് നിരന്തരം ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വിസിൽ നിലപാട് വ്യക്തമാക്കിയത്.
തുറമുഖ നിർമ്മാണം ആരംഭിച്ചതുമുതൽ ഇതുവരെ നഷ്ടപരിഹാരമായി 106 കോടി രൂപയാണ് വിതരണം ചെയ്തത്. നഷ്ടപരിഹാരമുന്നയിച്ചുള്ള അപേക്ഷകൾ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് തുക അനുവദിക്കുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പുനഃപരിശോധിക്കും. നിലവിൽ നഷ്ടപരിഹാരം നൽകിവരുന്നതിനാൽ ഇനി പ്രത്യേക പാക്കേജ് നടപ്പാക്കേണ്ടതില്ലെന്നാണ് വിസിലിന്റെ നിലപാട്.
2015ലാണ് തുറമുഖ നിർമ്മാണം കാരണം തീരശോഷണമുണ്ടാകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാക്കേജ് പ്രഖ്യാപിച്ചത്. ഭവനപദ്ധതി (350 കോടി),ജീവനോപാധി (59 കോടി),സ്ത്രീ ശാക്തീകരണം (39 കോടി),വിദ്യാഭ്യാസ സഹായം (24 കോടി),വാർദ്ധക്യകാല പരിചരണം (2.5 കോടി) എന്നിങ്ങനെയാണ് പാക്കേജ്. തുറമുഖ നിർമ്മാണം വഴി തീരശോഷണം ഉണ്ടായിട്ടില്ലെന്നും അതിനാൽ പാക്കേജ് നടപ്പാക്കേണ്ടെന്നും വിസിൽ പറയുന്നു.