വിതുര: കോടികൾ അനുവദിച്ചിട്ടും പൊൻമുടി-ചുള്ളിമാനൂർ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിലച്ചിട്ട് മൂന്ന് മാസമാകുന്നു. ഇത് മൂന്നാംതവണയാണ് നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുന്നത്. മഴയുടെ പേരുപറഞ്ഞാണ് പണി നിറുത്തിവച്ചത്. എന്നാൽ കാലാവസ്ഥ നന്നായിട്ടും പണി പുനരാരംഭിച്ചിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവ് നിമിത്തമാണ് പണി നിറുത്തിവച്ചതെന്നാണ് പറയുന്നത്. ഏതായാലും നിലവിൽ റോഡിലൂടെ യാത്ര ദുസ്സഹമാണ്. 2022 ജനുവരിയിലാണ് പണി ആരംഭിച്ചത്. രണ്ട് വർഷമായിട്ടും പകുതി പണിപോലും പൂർത്തീകരിച്ചിട്ടില്ല. തൊളിക്കോട് മുതൽ ഇരുത്തലമൂല വരെയുള്ള റോഡ് ഗട്ടർ നിറഞ്ഞ് കിടക്കുകയാണ്. വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ നടുവൊടിഞ്ഞ് യാത്രചെയ്യേണ്ട അവസ്ഥയിലാണ്. മാത്രമല്ല റോഡിൽ അപകടങ്ങളും പതിവാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇറക്കിയ മെറ്റൽ മാർഗതടസം സൃഷ്ടിച്ച് റോഡിൽ ചിതറിക്കിടക്കുന്നു. മഴയായാലുള്ള അവസ്ഥ വിവരണാതീതമാണ്.

തൊളിക്കോട് ജംഗ്ഷൻ വെള്ളത്തിൽ

ഴപെയ്താൽ തൊളിക്കോട് ജംഗ്ഷൻ വെള്ളത്തിൽ മുങ്ങുകയും കടകളിൽ വെള്ളംകയറുകയും ചെയ്യും. ഇവിടെ അശാസ്ത്രീയമായാണ് ഓട നിർമ്മിച്ചിരിക്കുന്നത്. ഓടയിലൂടെ വെള്ളം ഒഴുകിപോകാറില്ല. ജംഗ്ഷനിലെ നിർമ്മാണപ്രവർത്തനങ്ങളും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വ്യാപാരിവ്യവസായികളും നാട്ടുകാരും.

മൂന്ന് മണ്ഡലങ്ങൾ താണ്ടും

നെടുമങ്ങാട്, വാമനപുരം,അരുവിക്കര എന്നീ മൂന്ന് മണ്ഡലങ്ങളിലൂടെയാണ് നെടുമങ്ങാട്-പൊൻമുടി റോഡ് കടന്നുപോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ജി.ആർ. അനിൽ,ഡി.കെ.മുരളി എം.എൽ.എ, ജി.സ്റ്റീഫൻ എം.എൽ.എ എന്നിവർ അടിയന്തരമായി പ്രശ്നത്തിൽ ബന്ധപ്പെടുകയും റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുകയുമായിരുന്നു.

തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ, വിതുര, പാലോട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

ഫണ്ട് റെഡി

പൊൻമുടി സംസ്ഥാനപാതയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 167 കോടി രൂപയാണ് അനുവദിച്ചത്. ചുള്ളിമാനൂർ മുതൽ പൊൻമുടിവരെ റോഡ് അത്യാധുനികരീതിയിൽ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചത്. ആദ്യമായി ചുള്ളിമാനൂർ മുതൽ കല്ലാർ ഗോൾഡൻവാലി വരെയുള്ള കുഴികൾ നികത്താനായിരുന്നു തീരുമാനം. തുടർന്ന് ചുള്ളിമാനൂർ മുതൽ കല്ലാർ വരെ പുറമ്പോക്ക് ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടും. കല്ലാർ മുതൽ പൊൻമുടിവരെ വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് നവീകരണപ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.

 നിർമ്മാണം ഇഴയുന്നു

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പൊൻമുടി റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചത്. ആൻഡക് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്.റോഡിന്റെ നിർമ്മാണോദ്ഘാടനം 2022 ജനുവരിയിലാണ് നടന്നത്. തുടക്കത്തിൽ ധൃതഗതിയിൽ പണി നടന്നെങ്കിലും ക്രമേണ ഒച്ചിഴയും വേഗതയിലായി. കമ്പനിക്ക് ഫണ്ട് യഥാസമയം ലഭിക്കാത്തതുമൂലമാണ് പണി ഇടയ്ക്കിടക്ക് നിലയ്ക്കുന്നതെന്നാണ് ആക്ഷേപം.