
അഴിമതി കുറഞ്ഞാൽ പോരാ, ഇല്ലാതാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ കെ - സ്മാർട്ട് സോഫ്റ്റ്വെയർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി മാത്രമല്ല സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന സകലരും മുഖ്യമന്ത്രിയോട് ഇക്കാര്യത്തിൽ യോജിക്കുകതന്നെ ചെയ്യും. കൈക്കൂലിയോ ഇടനിലക്കാരോ ഇല്ലാതെ സർക്കാർ ഓഫീസുകളിൽ നിന്ന് ഏതു സേവനവും ആധുനിക സാങ്കേതികവിദ്യ വഴി നേടാനാകുമെങ്കിൽ അതില്പരം ഒരു നേട്ടം വേറെ ഉണ്ടാകാനില്ല. തദ്ദേശസ്ഥാപനങ്ങളിലൂടെ ലഭിക്കേണ്ട സേവനങ്ങളെല്ലാം ഒറ്റയടിക്കു ഓൺലൈൻ വഴി നേടാനാവുന്ന സംവിധാനത്തിനാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഇവിടെയാണ് ഇതു പരീക്ഷിക്കാൻ തുടങ്ങുന്നതെന്നു സർക്കാർ അവകാശപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി കൃത്യമായി നമുക്ക് അറിഞ്ഞുകൂടാ. അഥവാ മറ്റിടങ്ങളിലും ഉണ്ടെങ്കിലും കേരളീയരെ സംബന്ധിച്ചിടത്തോളം ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ വീട്ടിലിരുന്നുകൊണ്ടുതന്നെ ലഭ്യമാകുന്നുവെന്നു വന്നാൽ അകമഴിഞ്ഞു സന്തോഷിക്കുകതന്നെ വേണം. കാരണം അത്രയധികം ദുരിതവും ക്ളേശവും സഹിച്ചാണ് പല സേവനങ്ങളും നിലവിൽ ലഭ്യമാകുന്നത്.
ജനങ്ങൾ സേവനം തേടി എത്തുമ്പോൾ അവരിൽ നിന്ന് കൈമടക്കു പ്രതീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഉദ്ബോധിപ്പിക്കുകയുണ്ടായി. പല സർക്കാർ ഓഫീസുകളിലും നടക്കുന്ന കാര്യങ്ങൾ അറിഞ്ഞുകൊണ്ടാകണം അദ്ദേഹം ഇത്തരത്തിലൊരു ഉപദേശം നൽകാൻ മുതിർന്നത്. ഇപ്പോഴെന്നല്ല സർക്കാർ സംവിധാനങ്ങൾ നിലവിൽ വന്ന കാലം തൊട്ടേ അഴിമതിയും കൈക്കൂലിയുമൊക്കെ സർക്കാർ സർവീസിന്റെ ഭാഗമായി ഉണ്ട്. സേവനം വേഗം ലഭ്യമാകണമെങ്കിൽ ഉദ്യോഗസ്ഥരെ പ്രസാദിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുന്ന പല ഓഫീസുകളുമുണ്ട്. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കേണ്ടിവരുന്ന റവന്യൂ ഓഫീസുകൾ അത്തരത്തിലൊന്നാണ്. കെ - സ്മാർട്ട് പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഈ ദുരവസ്ഥയ്ക്കു മാറ്റം വരുമെന്നാണു പ്രതീക്ഷ. അപക്ഷകളുമായെത്തുന്ന പൊതുജനങ്ങളെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ദിവസങ്ങളോളം നടത്തിക്കുന്ന സമ്പ്രദായം പല ഓഫീസുകളിലും ഉണ്ട്. അപേക്ഷയിൽ വേണ്ടത്ര വിവരങ്ങൾ ചിലപ്പോൾ വിട്ടുപോയെന്നിരിക്കും. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അപേക്ഷയിലെ ന്യൂനതകൾ കൃത്യമായി ചൂണ്ടിക്കാണിച്ച് തിരുത്തിക്കാനായാൽ പരിഹരിക്കാവുന്ന കാര്യമാണിത്. വിവരങ്ങൾ അപേക്ഷകരെ വേണ്ടവിധം ധരിപ്പിക്കാതിരിക്കൽ ഒട്ടുമിക്ക സ്ഥാപനങ്ങളിലും പതിവാണ്. സേവനങ്ങൾ തേടി എത്തുന്നവർക്ക് എത്രയും വേഗം അതു നൽകാൻ കഴിയുമ്പോഴാണ് ഭരണം കാര്യക്ഷമമായി നടക്കുന്നുവെന്നു പറയാനാവൂ.
വിവരസാങ്കേതിവിദ്യയുടെ അഭൂതപൂർവമായ വികാസം ലോകത്തെവിടെയും ഇന്ന് ഏതു സേവനവും വിരൽത്തുമ്പിലൂടെ ലഭ്യമാണ്. കെ - സ്മാർട്ട് സോഫ്റ്റ്വെയർ വഴി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഏതു സേവനവും എവിടെയിരുന്നും നേടാനാവും. പ്രവാസികൾക്കു പോലും നാട്ടിൽ വരാതെ വിദേശത്തെ തങ്ങളടെ താമസ സ്ഥലത്തിരുന്നുകൊണ്ട് അവ ലഭ്യമാകും. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ അനുമതികൾ സമ്പാദിക്കുകയെന്നത് പലർക്കും ബാലികേറാമലയാണ്. ഏറ്റവുമധികം കൈക്കൂലി വിളയാടുന്ന മേഖലകൂടിയാണിത്. അനുമതിക്കു വേണ്ടി തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങി മടുത്ത് ഒടുവിൽ ജീവനൊടുക്കിയവർ വരെ ഇവിടെ ഉണ്ട്. വസ്തു പോക്കുവരവു ചെയ്തുകിട്ടാൻ ഉടക്കിട്ട വില്ലേജ് ഓഫീസ് ജീവനക്കാരോടു പ്രതിഷേധിച്ച് ഓഫീസിനു തീവച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. സഹികെട്ടു ചെയ്തുപോകുന്നതാണ് ഇതൊക്കെ.
ഭാഗ്യക്കുറി അടിക്കുന്നതിനെക്കാൾ ദുഷ്കരമാണ് ഇക്കാലത്ത് സർക്കാരിൽ ഒരു ജോലി തരപ്പെടുത്താൻ. കഠിന പരിശ്രമം വഴി അങ്ങനെ ഉദ്യോഗത്തിൽ കയറാൻ ഭാഗ്യം സിദ്ധിച്ചവർ പൊതുജനങ്ങളോട് കരുണ കാണിക്കാനും ബുദ്ധിമുട്ടിക്കാതെ സേവനം ലഭ്യമാക്കാനും ശ്രമിക്കേണ്ടതാണ്. സർക്കാർ ജോലി ജനത്തിനുമേൽ കുതിരകയറാനുള്ള ലൈസൻസായി കരുതുന്നവർക്ക് മുഖ്യമന്ത്രിയുടെ നല്ല വാക്കുകൾ എപ്പോഴും ഓർമ്മയുണ്ടായിരിക്കണം.