saji-cherian

തിരുവനന്തപുരം: കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയതോടെ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്താവന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പിൻവലിച്ചു. മണിപ്പൂരിൽ അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു എന്ന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിഷപ്പുമാരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായവും നിലപാടും മാത്രമാണെന്ന് അറിയിക്കുകയും ചെയ്തു.

മന്ത്രി പറഞ്ഞത് സർക്കാരിന്റെ നിലപാടാണോ അല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നും ആലപ്പുഴയിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ഈ പരാമർശങ്ങളാണ് മന്ത്രി പിൻവലിച്ചത്. പരാമർശം പിൻവലിച്ചതിനെ കെ.സി.ബി.സി സ്വാഗതം ചെയ്തു.

സി.പി.എം ഒരു മതത്തെയും വിശ്വാസ നിലപാടിനെയും ആക്ഷേപിക്കുന്ന പാർട്ടിയല്ലെന്ന് ഇന്നലെ രാവിലെ തന്നെ സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ വാർത്താസമ്മേളനം നടത്തി വ്യക്തമാക്കിയിരുന്നു.

ക്രൈസ്തവ സഭ ആരുടെ ക്ഷണം സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കേണ്ടെന്നും കാതോലിക്ക ബാവ തുറന്നടിച്ചു.യാക്കോബായ സഭയും മന്ത്രിക്കെതിരെ തിരിഞ്ഞു.

കൊച്ചിയിൽ നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി മണിപ്പൂർ കലാപത്തെക്കുറിച്ച് വിശദീകരിച്ചെങ്കിലും സജിചെറിയാന്റെ വിവാദ പരാമർശത്തിലേക്ക് കടന്നില്ല.

2022 ജൂലായിൽ മല്ലപ്പള്ളിയിൽ പൊതുപരിപാടിയിലെ പ്രസംഗത്തിലുണ്ടായ നാക്കുപിഴ ഭരണഘടനാവിരുദ്ധമെന്ന് വന്നതോടെ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.

മുഖ്യമന്ത്രിയുടെ വിരുന്നിന്റെ പശ്ചാത്തലത്തിൽ

1. നവകേരള സദസിലെ വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തിരുന്നു. ഇന്ന് വൈകിട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നൽകുന്ന ക്രിസ്മസ് വിരുന്ന് അവർ ബഹിഷ്കരിച്ചാൽ സർക്കാരിന് നാണക്കേടാവും. അതൊഴിവാക്കാനാണ് അടിയന്തരമായി മന്ത്രി തിരുത്തിയത്.

2. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ക്രൈസ്തവസഭയെ പിണക്കുന്നത് സി.പി.എമ്മിന് തിരിച്ചടിയാവും. കൂടെ നിൽക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗം സഭയെ ന്യായീകരിക്കുകയും ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. വിരുന്നു വിവാദം രാഷ്ട്രീയമായി മുതലെടുക്കാൻ ബി.ജെ.പി ശ്രമിച്ചേക്കും.

`പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെ കുറിച്ച് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി വളരെ ബഹുമാനമില്ലാത്ത രീതിയിൽ സംസാരിച്ചത് ഉചിതമായില്ല എന്നത് ഏറ്റവും തീവ്രതയോടുകൂടി ഞാൻ സർക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിൻവലിച്ച് അതിനു വിശദീകരണം നൽകുന്നതുവരെ കെ.സി.ബി.സിയുടെ പൊതുവായ സഹകരണം സർക്കാരിനോട് ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നു.'

- മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ, മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ

`ക്ളീമിസ് തിരുമേനി വളരെ പ്രിയപ്പെട്ടയാളാണ്. വേദനിപ്പിച്ച ഭാഗം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞ പ്രകാരം വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു'

- സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് മന്ത്രി