k

ഭരണസംവിധാനങ്ങൾ പൊതുവേ അവലംബിക്കേണ്ട പ്രവർത്തനരീതി നാടിന്റെ ബൃഹത്തായ പുരോഗതി ലക്ഷ്യമിട്ടായിരിക്കണം. ഇന്നത്തെ ഭരണസംവിധാനങ്ങളിൽ ഏറെ പ്രിയങ്കരമായിട്ടുള്ളത് ജനാധിപത്യ ഭരണസമ്പ്രദായമാണ്. പക്ഷേ ജനാധിപത്യ ഭരണരീതികളും തത്ത്വങ്ങളും അതിന്റെ യഥാർത്ഥ സത്ത ഉൾക്കൊണ്ടുകൊണ്ട് നടപ്പിലാക്കിയാൽ മാത്രമേ ജനാധിപത്യം അംഗീകരിക്കപ്പെടുകയും വിജയിക്കുകയും ഉള്ളൂ.

നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്വഭാവം, അറിവ്, ജനങ്ങളോടുള്ള ഉത്തരവാദിത്ത ബോധം, ഗുണമേന്മ തുടങ്ങി പലതിനേയും ആശ്രയിച്ചാകുന്നു ജനാധിപത്യത്തിന്റെ വിജയം സ്ഥിതിചെയ്യുന്നത്. നിയമനിർമ്മാണസഭയിൽ നിയമമാക്കുവാൻ അവതരിപ്പിക്കുന്ന ബില്ലുകൾ സവിസ്‌തരം ചർച്ച ചെയ്ത്, പോരായ്മകളുണ്ടെങ്കിൽ അവയിൽ വേണ്ട മാറ്റങ്ങൾ വരുത്തി, അവ ജനോപകാരപ്രദമാക്കുകയാണ് നിയമനിർമ്മാണസഭ അംഗങ്ങളുടെ കർത്തവ്യം. പാർലമെന്റിലായാലും, സംസ്ഥാന നിയമസഭകളിലായാലും വിശദമായ ചർച്ച കൂടാതെയുള്ള നിയമനിർമ്മാണം, ഭരിക്കുന്ന പാർട്ടിയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിയമമായി വ്യാഖ്യാനിക്കപ്പെടുകയും വിമർശനവിധേയമാക്കുകയും ചെയ്യാവുന്നതാണ്. ഭരിക്കുന്ന പാർട്ടിയിൽപ്പെട്ടവരുടെയും പ്രതിപക്ഷ പാർട്ടിയിൽപ്പെട്ടവരുടെയും ഉൾപ്പെടെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ് നിയമങ്ങൾ. നിയമനിർമ്മാണസഭകളിൽ ബില്ലുകൾ ചർച്ചയ്ക്ക് വരുമ്പോൾ നിസ്സാര കാരണങ്ങൾ കണ്ടെത്തി സഭ ബഹിഷ്‌ക്കരിച്ച് ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നതും, അതുപോലെ തന്നെ സഭാംഗങ്ങളെ ഗൗരവതരമല്ലാത്ത കാരണങ്ങൾക്ക് സസ്‌പെൻഡ് ചെയ്തുകൊണ്ട് ബില്ലുകൾ ചർച്ചയ്ക്ക് വിധേയമാകാതെ പാസ്സാക്കുന്നതും ജനാധിപത്യ തത്ത്വങ്ങൾക്ക് തീരെ അഭികാമ്യമായവയല്ല. നിയമങ്ങൾ ഉന്നത ആശയങ്ങളെ അടിസ്ഥാനമാക്കി രൂപവത്‌ക്കരിക്കേണ്ടതും, അവ ജനങ്ങൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യ‌വും സന്തോഷവും അനുഭവിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നവയും ആയിരിക്കണം. ഈ അടുത്തകാലത്ത് പാർലമെന്റ് പാസ്സാക്കിയ ഭാരതീയ ന്യായ സംഹിത (മുൻ ഇന്ത്യൻ പീനൽകോഡ് അഥവാ IPC), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (മുൻ ക്രിമിനൽ പ്രൊസീഡിയർ കോഡ് അഥവാ Cr. P.C), ഭാരതീയ സാക്ഷീയ നിയമം (എവിഡൻസ് ആക്ട്) എന്നിവ, 140ൽപ്പരം പാർലമെന്റ് അംഗങ്ങളെ ചില കാരണങ്ങളാൽ സസ്പെൻഡ് ചെയ്തശേഷവും അവരുടെ അഭാവത്തിലുമാണ്. അതായത് ഫലവത്തായ ചർച്ച ഇല്ലാതെയാണ്, ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയതും ഇന്ത്യൻ നിയമനിർമ്മാണസഭ പലപ്പോഴായി ഭേദഗതികൾക്ക് വിധേയമാക്കിയതുമായ നിയമങ്ങൾക്ക് കാതലായ മാറ്റങ്ങൾ വരുത്തിയത്. അതുകൊണ്ട്, ഒരു പക്ഷേ, പ്രസ്തുത നിയമസംഹിതകളിൽ മറഞ്ഞിരിക്കുന്ന പോരായ്മകൾ ഒഴിവാക്കുവാൻ അവസരമില്ലാതെ പോയി.

നമ്മുടെ രാജ്യത്ത് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പലപ്പോഴും വ്യത്യസ്ത പാർട്ടികളാണ് അധികാരത്തിൽ വരുന്നത്. ഭൂരിപക്ഷം ലഭിക്കുന്ന ഒറ്റപാർട്ടിക്ക് ഭരിക്കാം, അല്ലെങ്കിൽ പാർട്ടികൾ ചേർന്ന് മുന്നണിയായി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഭരിക്കാം. ഈ അവസരത്തിൽ എടുത്തു പറയേണ്ടുന്ന ഒരു വസ്തുത, ഭൂരിപക്ഷം ലഭിച്ച പാർട്ടിയോ പാർട്ടികളോ സർക്കാരുണ്ടാക്കിയാലും, അത് കേന്ദ്രത്തിലാണെങ്കിൽ ഭാരതമൊട്ടാകെയുള്ളവരുടെ സർക്കാരും, സംസ്ഥാനത്തിലാണെങ്കിൽ അത് സംസ്ഥാനത്തിന്റെ മൊത്തം ജനങ്ങളുടെ സർക്കാരുമാകുന്നു. വ്യത്യസ്ത നയ പരിപാടികളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിച്ചാലും, നിയമങ്ങൾ നിർമ്മിക്കുമ്പോൾ അവ മൊത്തം ജനത്തിന്റെ സ്വാതന്ത്ര്യ‌ത്തെ ഹനിക്കാത്തവയും, അവർക്ക് ആനന്ദം പകരുന്നവയും ആയിരിക്കണം. എന്നാൽ മാത്രമേ ഒരു സർക്കാരിനെ ആകർഷണീയമായ ഒന്നാണെന്ന് പറയുവാൻ സാധിക്കൂ.

നമ്മുടെ സംസ്ഥാനത്ത് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും, പരസ്പര വിമർശനവും തീരെ അഭികാമ്യമല്ല. മനസിൽ അമിതാധികാരത്തിന്റെ തോന്നൽ ഉളവായാൽ അത് അനീതിക്കും അധർമ്മത്തിനും കാരണമാകാം. ഭരണകർത്താക്കൾ നന്മ നിറഞ്ഞവരായിരിക്കണം.

ഭരണഘടനാപ്രകാരം സംസ്ഥാന തലവനായ ഗവർണർ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്ന മർമ്മപ്രധാനമായ കണ്ണിയായി പ്രവർത്തിക്കേണ്ടതാണ്. അങ്ങനെയുള്ള ഉന്നത സ്ഥാനം വഹിക്കുന്ന ഗവർണർ ചില വെല്ലുവിളികൾ ഏറ്റെടുക്കുമ്പോഴും, നടത്തുമ്പോഴും അത് താൻ വഹിക്കുന്ന പദവിക്ക് യോജിച്ചതാണോ എന്നു കൂടി ചിന്തിച്ചാൽ ഉത്തമമായിരിക്കും.