പാറശാല: ദേശീയപാതയിൽ നടപ്പാതപോലും കൈയേറിയുള്ള വാഹനപാർക്കിംഗ് കാരണം അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. പാറശാലയിലെ തിരക്കേറിയ ജംഗ്‌ഷനുകളിൽ റോഡിന് ഒരുവശത്തായി നടപ്പാതകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ കാൽനടക്കാർ റോഡിലൂടെയാണ് നടക്കുന്നത്. ട്രാൻസ്‌പോർട്ട് ബസുകളും സമാന്തര വാഹനങ്ങളും റോഡിൽ നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും വാഹന ഗതാഗതത്തിന് തടസമായി വരാറുണ്ട്. ഇവിടുത്തെ ചില കല്യാണ മണ്ഡപങ്ങളിൽ ആവശ്യത്തിന് പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ റോഡിന് ഇരുവശത്തുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നടക്കാൻപോലും വഴിയില്ലാതെ വരുമ്പോൾ ബസ് കാത്തുനിൽക്കുന്നവർ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ടിവരും. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഒപ്പം സുഗമമായി മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയും വരുന്നു.


 നിയന്ത്രിക്കാൻ ആരുമില്ല

സാധാരണക്കാർക്ക് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ കയറിപ്പറ്റുന്നതിന് മഴയെന്നോ വെയിലെന്നോ നോക്കാതെ വാഹനങ്ങൾക്കിടയിലൂടെ നെട്ടോട്ടം ഓടേണ്ട ഗതികേടിലാണ് യാത്രക്കാർ. എന്നാൽ കാത്തിരുപ്പ് കേന്ദ്രങ്ങൾ പോലും ഇല്ലാത്ത നിരത്തുകളാണ് ഇവിടെ മിക്കതും. തിരക്കേറിയ ദേശീയപാതയിലെ പ്രധാന ജംഗ്‌ഷനുകളിൽ പോലും മിക്കപ്പോഴും ഗതാഗത നിയന്ത്രണത്തിനായി ഒരു ഹോംഗാർഡ് മാത്രം ഉണ്ടാവുകയാണ് പതിവ്. എന്നാൽ വാഹന പാർക്കിംഗ് നിയന്ത്രിക്കുന്നതിന് ആരും ഇല്ലാത്തതാണ് വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്യുന്നതെന്ന പരാതിയും ഉണ്ട്.

 ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല

തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കാനായി പ്രത്യേക ആളെ ചുമതലപ്പെടുത്തിയാൽ ഒരു പരിധിവരെയെങ്കിലും ഇവിടുത്തെ ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ കഴിയും. പാറശാല പൊലീസിനാണ് ഈ മേഖലയിലെ റോഡ് ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. എന്നാൽ ദിനംപ്രതി സ്റ്റേഷനിൽ എത്തുന്ന അപകടങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുപോലും വേണ്ടത്ര പൊലീസുകാരെ കിട്ടാതെ വീർപ്പുമുട്ടുകയാണ് ഇവിടുത്തെ പൊലീസുകാർ.