
തിരുവനന്തപുരം: കേരള കർഷകത്തൊഴിലാളി യൂണിയന്റെ മുഖമാസികയായ 'കർഷക തൊഴിലാളി" ഏർപ്പെടുത്തുന്ന പ്രഥമ കേരള പുരസ്‌കാരത്തിന് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അർഹനായി. യൂണിയന്റെ ജനറൽ സെക്രട്ടറിയും മാസികയുടെ ആദ്യ എഡിറ്ററുമായിരുന്നു വി.എസ്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എം.എ.ബേബി അദ്ധ്യക്ഷനും പ്രൊഫ. പി.കെ.മൈക്കിൾ തരകൻ, എൻ.ഇ.സുധീർ എന്നിവർ അംഗങ്ങളുമായ ജൂറി ഏകകണ്ഠമായാണ് വി.എസിനെ തിരഞ്ഞെടുത്തത്. ഒറ്റമുളയേണി എന്ന കഥയ്ക്ക് സുരേഷ് പേരിശേരി, ഒരേ സീറ്റിൽ എന്ന കവിതയ്ക്ക് ശ്രീജിത്ത് അരിയല്ലൂർ, സ്വതന്ത്ര്യ ഇന്ത്യയുടെ 75 വർഷങ്ങളെന്ന പ്രബന്ധത്തിന് കെ.രാജേന്ദ്രൻ എന്നിവരും അവാർഡിന് അർഹരായി. സാഹിത്യ വിഭാഗത്തിൽ ഡോ. എ.വി.സത്യേഷ് കുമാർ, ശ്രീദേവി കെ.ലാൽ, നീലിമ വാസൻ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മാസികയുടെ ചീഫ് എഡിറ്ററും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, എൻ.ചന്ദ്രൻ, കെ.ശശാങ്കൻ, പ്രീജിത് രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.