
'1985ൽ ആരംഭിച്ച, 39 വർഷം പൂർത്തിയാക്കിയ ദൂരദർശനോട് ഒപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോട് കൂടി അവസാനിക്കുകയാണ്..
എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ..."
മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായ ആ ശബ്ദം അവസാനമായി സൈൻ ഓഫ് ചെയ്തപ്പോൾ പൂർത്തിയായത് ഒരു യുഗമാണ്. വാർത്തകൾ വിരൽതുമ്പിൽ ലഭിക്കാതിരുന്ന കാലത്ത് ദൂരദർശനിലെ ന്യൂസ് റീഡർ ഡി.ഹേമലതയുടെ വാർത്താവായന കേൾക്കാൻ കേരളം കാതോർത്തിരുന്നു. ഒരുദിവസം കണ്ടില്ലെങ്കിൽ വീട്ടിലെ പ്രായമായവർക്ക് അസ്വസ്ഥതയാണ്. ശബ്ദത്തിൽ ചെറിയ വ്യത്യാസം വന്നാൽ 'കുട്ടിക്ക് പനി പിടിച്ചോ' എന്ന് ആകുലപ്പെടും. വ്യക്തവും സ്പഷ്ടവുമായ വാർത്താവതരണത്തിലൂടെ മലയാളിയുടെ കുടുംബത്തിലൊരാളായ ഹേമലത 2023 ഡിസംബർ 31ന് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായി വിരമിച്ചു. വാർത്താ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളെക്കുറിച്ച് ഹേമലത കേരളകൗമുദിയോട് സംസാരിക്കുന്നു.
ചരിത്രം
ജനങ്ങളിലേക്ക്
ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾ കേരളം ആദ്യം കേട്ടത് ഹേമലതയുടെ ശബ്ദത്തിലൂടെയാണ്. ബെർളിൻ മതിൽ തകർന്ന വാർത്ത വായിച്ചപ്പോൾ തുടക്കക്കാരിയുടെ പകർച്ചകളൊന്നും ആ മുഖത്ത് ഇല്ലായിരുന്നു. കിഴക്കൻ ജർമനിയിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും ലോകനേതാക്കളുടെ ആശയങ്ങളെക്കുറിച്ചും ഹേമലത ആഴത്തിൽ പഠിച്ചു, അമിതമായ ആവേശം ഇല്ലാതെ തന്മയത്വത്തോടെ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പുകൾ, പ്രമുഖരുടെ മരണങ്ങൾ, തട്ടേക്കാട് ബോട്ട് അപകടം, ചർച്ചയായ കൊലപാതകങ്ങൾ, ഹർത്താലുകൾ ...അങ്ങനെ നീളുന്നു വാർത്താനുഭവങ്ങൾ. കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ജനങ്ങൾക്ക് ദൂരദർശൻ ആവേശമായിരുന്നു. വുഷു പോലെ അധികം പ്രചാരത്തിൽ അല്ലാത്ത കായിക ഇനങ്ങളെക്കുറിച്ച് വ്യത്യസ്തവും കൗതുകമുള്ളതുമായ സ്റ്റോറികൾ ചെയ്തതോടെ ഹേമലത എന്ന പേര് ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സ്പോർട്സ് എഡിറ്ററായും ഇക്കാലത്ത് പ്രവർത്തിച്ചു.
മറുപടി അസംബ്ലിയിൽ
പറഞ്ഞോ
വായിക്കുന്ന വാർത്തകളിൽ തെറ്റുകൾ വരരുതെന്ന് നിർബന്ധമാണ്. വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടുമില്ല. എങ്കിലും തുടക്കകാലത്ത് ഒരു എം.എൽ.എയുടെ പേര് തെറ്റിപ്പറഞ്ഞു. പതർച്ച മുഖത്ത് കൊണ്ടുവരാതെ മുഴുവൻ വാർത്തയും വായിച്ചു തീർത്തു. വായിച്ചുകഴിഞ്ഞ് ന്യൂസ് ഫ്ലോറിൽ നിന്ന് പുറത്തു വന്നപ്പോൾ ആരെങ്കിലും കളിയാക്കുമോ എന്നായിരുന്നു പേടി. അന്നത്തെ ന്യൂസ് എഡിറ്ററായിരുന്ന ഇ.കെ.കൃഷ്ണൻ നായർ പറഞ്ഞു.' ഹേമലത അസംബ്ലിയിൽ പോയി മറുപടി പറഞ്ഞോണം.."പിന്നെ ഓരോ വട്ടം ഫ്ലോറിൽ കയറുമ്പോഴും ആ ശാസന മനസിലോർത്തു. ആളുകളുടെ പേരുകൾ തെറ്റിക്കരുതെന്ന് അച്ഛനും ഉപദേശിച്ചിരുന്നു.
പ്രോംപ്റ്റർ
ഇല്ലാ കാലം
പ്രോംപ്റ്റർ എന്താണെന്ന് പോലും അറിയാത്ത കാലത്തായിരുന്നു ജോലി ആരംഭിച്ചത്. നോക്കി മനസിലാക്കാൻ മുൻഗാമികളും ഇല്ല. പക്ഷേ അതെല്ലാം അനുഗ്രഹങ്ങളായി. മറ്റൊരാളെ നോക്കി പഠിക്കാതെ സ്വന്തമായി ശൈലി രൂപീകരിച്ചു. പഴയ ടൈപ്പ് റൈറ്ററിൽവാർത്ത ടൈപ്പ് ചെയ്തെടുത്ത് ഒരു കെട്ടു പേപ്പറുകളുമായാണ് ന്യൂസ് ഫ്ലോറിൽ പോകുന്നത്. പിന്നെയാണ് ടെലി പ്രോംപ്റ്ററും ഡിജി പ്രോംപ്റ്ററും വരുന്നത്. ധാരാളം ആരാധകരുടെ എഴുത്തുകൾ ലഭിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോൾ ആളുകളും ശ്രദ്ധിച്ചുതുടങ്ങി.
ബ്രേക്കിംഗിൽ
അല്ല കാര്യം
ജനങ്ങളിലേക്ക് എത്തിക്കുന്ന വാർത്തകൾ അല്പം വൈകിയാലും വസ്തുനിഷ്ഠമായിരിക്കണമെന്ന് വാശിയാണ്. ചാനലുകൾ തമ്മിലുള്ള മത്സരത്തിനിടയിൽ സത്യസന്ധതയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ടോയെന്ന് സംശയമുണ്ട്. വിമൻസ് കോളേജിൽ കണക്കിലാണ് ഡിഗ്രി എടുത്തതെങ്കിലും ഭാഷയോട് വല്ലാത്ത താത്പര്യമുണ്ടായിരുന്നു. വളരെ ഇഷ്ടപ്പെട്ട് സന്തോഷത്തോടെയാണ് ഓരോ ദിവസവും ജോലി ചെയ്തത്. കുടപ്പനക്കുന്നിലാണ് താമസം. ഭർത്താവ് ജി.ആർ.കണ്ണൻ (ദൂരദർശനിൽ ആദ്യ ബുള്ളറ്റിൻ വായിച്ച ആൾ.) പിന്നീട് പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി വിരമിച്ചു. മകൾ പൂർണിമ.